നികുതി അടക്കാത്ത പ്രവാസികളെ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് നോട്ടമിടുന്നു


JULY 9, 2019, 3:49 PM IST

ന്യൂഡല്‍ഹി: ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ രഹസ്യാന്വേഷണ വിഭാഗം ഒരു വ്യക്തി എത്രകാലം രാജ്യത്ത് തങ്ങിയിട്ടുണ്ട് എന്ന് കാര്യം സൂക്ഷ്മമായ അന്വേഷണത്തിന് വിധേയമാക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ നികുതി അടക്കല്‍ രസീതും പാസ്‌പോര്‍ട്ടിന്റെ കോപ്പിയും ഹാജരാക്കാന്‍ പലര്‍ക്കും ഇതിനോടകം നോട്ടീസ് അയച്ചുകഴിഞ്ഞു. 

രാജ്യത്തെ സ്ഥിരതാമസക്കാരനായ വ്യക്തി വര്‍ഷത്തില്‍ 182 ദിവസം വിദേശത്തുകഴിഞ്ഞാല്‍ നിയമപ്രകാരം അയാളെ നോണ്‍ റസിഡന്റ് ഇന്ത്യനായി പരിഗണിക്കും. അതേസമയം നടപ്പ്  വര്‍ഷത്തിന് മുമ്പുള്ള നാല് വര്‍ഷത്തില്‍ 365 ദിവസവും നടപ്പ് വര്‍ഷത്തില്‍ 65 ദിവസവും ഒരാള്‍ ഇന്ത്യയില്‍ താമസിക്കുകയാണെങ്കില്‍ ആയാള്‍ സ്ഥിരതാമസക്കാരനും നികുതി അടക്കാന്‍ ബാധ്യസ്ഥനുമാണ്. 

നോണ്‍ റെസിഡന്റ് ഇന്ത്യക്കാരന് ഇന്ത്യക്ക് പുറത്തുള്ള വരുമാനത്തിന് നികുതി ഒഴിവുള്ളതിനാല്‍വിദേശത്ത് ജോലിചെയ്യുന്ന പലരും വളരെ കരുതലോടെയാണ് രാജ്യത്ത് തങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്ഥിരതാമസക്കാരനായി പരിഗണിക്കപ്പെടുന്ന വ്യക്തി അയാളുടെ ആഗോള വരുമാനത്തിന് മുകളില്‍ നികുതി അടയ്ക്കണമെന്നാണ് വ്യവസ്ഥ. ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ അന്വേഷണം നീളുന്നത് ആവഴിക്കാണ്. അതായത്  നോണ്‍ റെസിഡന്റ് സ്റ്റാറ്റസ് നേടിയ ശേഷം നിയമം അനുവദിക്കുന്നതിലും കാലം രാജ്യത്ത് തങ്ങുകയും അതുവഴി നികുതി അടക്കുന്നതില്‍ നിന്നും ഒഴിവാക്കപ്പെടുകയും ചെയ്തിട്ടുണ്ടെങ്കില്‍ ആവ്യക്തി ഇനിമുതല്‍ നിയമനടപടികള്‍ നേരിടേണ്ടിവരികയും നിയമാനുസൃതമായ അധിക തുക ഒടുക്കേണ്ടതായി വരികയും ചെയ്യും.

Other News