സോളര്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കര്‍ഷകരെ സഹായിക്കാന്‍ പദ്ധതി


JULY 24, 2019, 2:56 PM IST

കൃഷിയിടങ്ങളില്‍ സോളാര്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിന് കര്‍ഷകരെ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര പദ്ധതി.

പ്രധാന്‍മന്ത്രി കിസാന്‍ ഊര്‍ജ സുരക്ഷാ ഏവം ഉത്ഥാന്‍ മഹാഭിയാന്‍ (പി എം- കെ യു എസ് യു എം)  പദ്ധതി പ്രകാരം 2022 ആകുമ്പോഴേക്ക് 25,750  മെഗാവാട്ട് സോളാര്‍ വൈദ്യുതി ശേഷി കൈവരിക്കുകയാണ് ലക്ഷ്യം. ഇതിനായി കര്‍ഷകര്‍ക്ക് 34,422  കോടി രൂപ കേന്ദ്ര ധനസഹായമായി നല്‍കും. ഇതിനായുള്ള മാര്‍ഗനിര്‍ദ്ദേശ രേഖ ന്യൂ ആന്‍ഡ് റിന്യുവബിള്‍ എനര്‍ജി മന്ത്രാലയം പുറപ്പെടുവിച്ചു.

ധന-ജല സുരക്ഷ ഉറപ്പാക്കുന്ന പദ്ധതി സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള  കാബിനറ്റ് ഉപസമിതി ഫെബ്രുവരിയില്‍ അംഗീകരിച്ചിരുന്നു.പദ്ധതിക്ക് മൂന്നു ഘടകങ്ങളാണുള്ളത്. ഒന്നാമത്തെ (എ) പദ്ധതി പ്രകാരം വികേന്ദ്രീകൃതമായി ഭൂമിയില്‍ തൂണുകളില്‍ നാട്ടിയ സോളാര്‍ പാനലുകളോ അല്ലെങ്കില്‍ മറ്റു ആവര്‍ത്തന സ്വഭാവമുള്ള  മാര്‍ഗങ്ങളോ ഉപയോഗിച്ച് 10,000 മെഗാവാട്ട് വൈദ്യുതി  ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള ശേഷിയുണ്ടാക്കുക.

രണ്ടാമത്തെ (ബി) പദ്ധതി പ്രകാരം സോളാര്‍ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഒറ്റയായ 17.50  ലക്ഷം കാര്‍ഷിക പമ്പുകള്‍ സ്ഥാപിക്കുക. മൂന്നാമത്തെ (സി) പദ്ധതി പ്രകാരം ഗ്രിഡുമായി ബന്ധിപ്പിച്ച 10  ലക്ഷം കാര്‍ഷിക പമ്പുകള്‍ സ്ഥാപിക്കുക.

ഇതില്‍ എ, സി എന്നീ ഘടകങ്ങള്‍  തുടക്കത്തില്‍ 1,000  മെഗാവാട്ട് ശേഷിയുള്ള പൈലറ്റ് പദ്ധതിയായി നടപ്പാക്കുകയും ഗ്രിഡുമായി ബന്ധിപ്പിച്ച ഒരു ലക്ഷം പമ്പുകള്‍ സ്ഥാപിക്കുകയും ചെയ്യും. ബി പദ്ധതി പൂര്‍ണ്ണമായ തോതില്‍ നടപ്പാക്കുന്നതിന് കേന്ദ്ര സഹായമായി 19,306.5 കോടി രൂപ നല്‍കും.പൈലറ്റ് അടിസ്ഥാനത്തില്‍ നടപ്പാക്കുന്ന എ, സി ഘടകങ്ങള്‍ അവയുടെ പ്രവര്‍ത്തനം വിലയിരുത്തിയ ശേഷം ആവശ്യമായ പരിഷ്‌ക്കരണങ്ങളോടെ ശക്തിപ്പെടുത്തും.ഇതിനായി കേന്ദ്ര ഗവണ്മെന്റ് 15385.5 കോടി രൂപ നല്‍കും. മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശ രേഖകളുടെ അടിസ്ഥാനത്തിലാകും വിശദമായ പദ്ധതി തയ്യാറാക്കുക.

Other News