ഇന്ത്യയില്‍ ഇ സിഗരറ്റ് നിരോധിക്കുന്നു


SEPTEMBER 18, 2019, 6:27 PM IST

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഇ സിഗരറ്റിന്റെ നിര്‍മ്മാണവും വിപണനവും നിരോധിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചതായി കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമന്‍ അറിയിച്ചു വാര്‍ത്താ സമ്മേളനത്തില്‍ ഇ സിഗരറ്റ് പ്രദര്‍ശിപ്പിച്ച് മന്ത്രി അതിന്റെ ദൂഷ്യഫലങ്ങള്‍ വിവരിക്കുകയും ചെയ്തു. ഇ സിഗരറ്റിന്റെ നിര്‍മ്മാണം, വിപണനം, സംഭരണം, ഇറക്കുമതി, കയറ്റുമതി ഇതുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ എന്നിവയ്‌ക്കെല്ലാം നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. നിരോധനം ലഘിക്കുന്നവര്‍ക്ക്  ഒരുവര്‍ഷം പരമാവധി തടവ് ശിക്ഷയായും പരമാവധി പിഴയായി ഒരു ലക്ഷം രൂപയും ചുമത്തും.

'ഇന്ത്യയില്‍ ഇ സിഗരറ്റ് നിര്‍മ്മിക്കുന്നില്ല. എന്നാല്‍ 400ഓളം ബ്രാന്‍ഡുകള്‍ ഉണ്ട്. 150 രുചികളില്‍ ഇവ ലഭ്യമാണ്. മണമില്ലാത്തിനാല്‍ ആളുകള്‍ ആകൃഷ്ടരാവുകയാണ്. എന്നാല്‍ ഉള്ളിലേക്ക് വലിക്കുന്ന നികോട്ടിന്‍ വലിയ അളവിലാണ് എത്തുന്നത്', നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

 സിഗരറ്റില്‍ നിന്ന് മോചനം നേടുക എന്ന ഉദ്ദേശത്തോടെയാണ് പല യുവാക്കളും ഇ സിഗരറ്റിനെ ആദ്യം ആശ്രയിച്ചത്. ആ രീതിയില്‍ ഇ സിഗരറ്റിന് സ്വീകാര്യതയും ലഭിച്ചു. സിഗരറ്റിനെ അതിജീവിക്കാനാണ് ഇ സിഗരറ്റിനെ ആശ്രയിച്ചത്.എന്നാല്‍ പിന്നീട് വലിയ രീതിയില്‍ ആളുകള്‍ ഇതിനും അടിമപ്പെടുകയായിരുന്നു. യുഎസ്സില്‍ ഏഴ് പേര്‍ ഇതിന്റെ പേരില്‍ മാത്രം മരണപ്പെട്ടിട്ടുണ്ട്. അതിനാലാണ് മന്ത്രിസഭ ജനങ്ങളുടെ ആരോഗ്യം പരിഗണിച്ച് ഇ സിഗരറ്റ് നിരോധിക്കാന്‍ തീരുമാനിച്ചതെന്നും നിര്‍മ്മല സീതാരാമന്‍ അറിയിച്ചു.ഈ വിഷയത്തില്‍ നിയമ ഭേദഗതിയും ആലോചിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

Other News