ആത്മനിര്‍ഭര്‍ ഭാരതും അതിര്‍ത്തി സംഘര്‍ഷവും ബാധിച്ചില്ല;  ഇന്ത്യ-ചൈന വ്യാപാരം ഉയര്‍ന്നു തന്നെ


OCTOBER 18, 2021, 9:16 AM IST

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം ലഡാക്കില്‍ നടന്ന സൈനിക ഏറ്റുമുട്ടലിന് ശേഷം ചൈനീസ് ഉത്പ്പന്നങ്ങളെ ബഹിഷ്‌കരിക്കാനും ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി പ്രകാരം ആവശ്യമുള്ള ഉത്പ്പന്നങ്ങളുടെ ഇരക്കുമതി കുറച്ച് സ്വദേശത്തുതന്നെ സ്വന്തമായി നിര്‍മ്മിച്ച് സ്വാശ്രയത്വം വര്‍ധിപ്പിക്കാനുമുള്ള മോഡി സര്‍ക്കാരിന്റെ തീരുമാനിച്ചെങ്കിലും ഫലം കണ്ടില്ലെന്ന് റിപ്പോര്‍ട്ട്. ഇന്ത്യ- ചൈന വ്യാപാര ഇടപാടുകള്‍ സംബന്ധിച്ച് പുറത്തുവന്ന കണക്കുകള്‍ വിരല്‍ ചൂണ്ടുന്നതും ചൈനക്കെതിരായ നീക്കം എന്തെങ്കിലും പ്രയോജനമുണ്ടാക്കിയില്ല എന്നതിലേക്കാണ്. 

ഉഭയകക്ഷി വ്യാപാരം 100 ബില്യണ്‍ ഡോളര്‍ എന്ന റെക്കോര്‍ഡ് ഉയരത്തില്‍ എത്തുമ്പോള്‍, ഈ കലണ്ടര്‍ വര്‍ഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളില്‍ ബീജിംഗുമായുള്ള ന്യൂഡല്‍ഹിയിലെ വ്യാപാര കമ്മി 46.55 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ മൊത്തക്കണക്കുകളേക്കാളും ഉയര്‍ന്നതാണിത്. ഈ വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ചൈനയുടെ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് കസ്റ്റംസിന്റെ (ജിഎസിസി) ഏറ്റവും പുതിയ ഡാറ്റ പ്രകാരം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഇനിയും കൂടുതല്‍ ഉയരുമെന്നാണ് പ്രതീക്ഷ.

ഓഗസ്റ്റ് മാസത്തില്‍ ഇന്ത്യന്‍ വാണിജ്യ മന്ത്രാലയം പങ്കിട്ട ഡാറ്റ പ്രകാരം 2020-21 ല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കമ്മി 44.02 ബില്യണ്‍ ഡോളറായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ വ്യാപാരക്കമ്മി 2018-19ല്‍ 53.57 ബില്യണ്‍ ഡോളര്‍ ആയിരുന്നതില്‍ നിന്ന് കുറഞ്ഞു.

2021-ലെ ആദ്യ ഒമ്പത് മാസങ്ങളില്‍ ഇതിനകം 90.37 ബില്യണ്‍ ഡോളറിലെത്തിയ ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാര മൂല്യം 100 ബില്യണ്‍ ഡോളറിന്റെ റെക്കോര്‍ഡ് വ്യാപാരത്തില്‍ എത്തുമെന്നാണ് പ്രതീക്ഷിച്ചതിനിടയിലാണ് ഈ കുറവ് വരുന്നത്.ചൈനീസ് കസ്റ്റംസ് ഡാറ്റ പ്രകാരം വര്‍ഷം തോറും 49.3 ശതമാനം വര്‍ദ്ധനവാണ് ഇന്ത്യയുമായുള്ള വ്യാപാരത്തില്‍ ഉണ്ടാകുന്നത്.

2020 ജൂണില്‍ നടന്ന ഗാല്‍വാന്‍ താഴ്വരയിലെ ഏറ്റുമുട്ടലിനും കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ തുടരുന്ന സംഘര്‍ഷത്തിനുശേഷവും ഉഭയകക്ഷി ബന്ധത്തില്‍ വിള്ളല്‍ വീണതിനുശേഷവും ഈ വര്‍ധന കണക്കുകളില്‍ മാറ്റമില്ല. 'ആത്മനിര്‍ഭര്‍' സമ്പദ്വ്യവസ്ഥയ്ക്കായുള്ള മോഡി സര്‍ക്കാരിന്റെ പ്രേരണയ്ക്കും വര്‍ധിച്ചുവരുന്ന ചൈനീസ് വ്യാപാരത്തില്‍ ഒരു കോട്ടവും ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല.

ചൈനയിലെ  ജിഎസിസിയില്‍ നിന്നുള്ള ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, ബീജിംഗിലെ ഏറ്റവും വലിയ തന്ത്രപരവും സാമ്പത്തികവുമായ എതിരാളിയായ യുഎസിലേക്കുള്ള കയറ്റുമതി 30 ശതമാനം ഉയര്‍ന്ന് 57.4 ബില്യണ്‍ ഡോളറിലെത്തി, യുഎസില്‍ നിന്നുള്ള ഇറക്കുമതി ഏകദേശം 17 ശതമാനം ഉയര്‍ന്ന് 15.4 ബില്യണ്‍ ഡോളറിലെത്തി.

ഇന്ത്യ-ചൈന മൊത്തം വ്യാപാര അളവ് സെപ്റ്റംബര്‍ അവസാനത്തോടെ മാസം തോറും വ്യാപാര പ്രവാഹത്തിന്റെ സ്ഥിരമായ പ്രവണത പിന്തുടര്‍ന്ന് ഇതിനകം 90 ബില്യണ്‍ ഡോളറിലെത്തി.

ജിഎസിസി ഡാറ്റ അനുസരിച്ച്, ജനുവരിയില്‍ 9.9 ബില്യണ്‍ ഡോളര്‍, ഫെബ്രുവരിയില്‍ 8.1 ബില്യണ്‍ ഡോളര്‍, മാര്‍ച്ചില്‍ 9.5 ബില്യണ്‍ ഡോളര്‍, ഏപ്രിലില്‍ 10.5 ബില്യണ്‍ ഡോളര്‍, മെയ് മാസത്തില്‍ 9.4 ബില്യണ്‍ ഡോളര്‍, ജൂണില്‍ 9.3 ബില്യണ്‍ ഡോളര്‍, ജൂലൈയില്‍ 10.02 ഡോളര്‍, ഓഗസ്റ്റില്‍  11.02 ഡോളര്‍ എന്നങ്ങനെയാണ് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാര മൂല്യം അടയാളപ്പെടുത്തിയത്.

ഇന്ത്യയുടെ വാണിജ്യ മന്ത്രാലയത്തിന്റെ ഡാറ്റ അനുസരിച്ച്, ഏപ്രില്‍-ജൂലൈ കാലയളവില്‍ യുഎസ്, യുഎഇ, സൗദി അറേബ്യ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങള്‍ക്കൊപ്പം ചൈന ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായിരുന്നു.

ഇരുരാജ്യങ്ങളിലെയും ഔദ്യോഗിക ഏജന്‍സികളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍, ഈ വര്‍ഷം ജനുവരി-ജൂണ്‍ കാലയളവില്‍ രാജ്യങ്ങള്‍ തമ്മിലുള്ള കയറ്റുമതിയും ഇറക്കുമതിയും 65 ശതമാനത്തിലധികം വര്‍ദ്ധിച്ചു.

Other News