കോവിഡ് വാക്‌സിന്‍ മൂന്നാം ഡോസ് ഇന്ത്യയും പരിഗണിക്കുന്നു; പുതുക്കിയ യാത്രാമാര്‍ഗരേഖ ഇന്നുമുതല്‍


DECEMBER 1, 2021, 7:59 AM IST

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്റെ മൂന്നാം ഡോസ് നല്‍കുന്നത് ഇന്ത്യയും പരിഗണിക്കുന്നു.

രാജ്യത്തെ വയോജനങ്ങള്‍ക്കും പ്രതിരോധശേഷി കുറഞ്ഞവര്‍ക്കുമാണ് മൂന്നാം ഡോസ് നല്‍കുന്ന കാര്യം പരിഗണിക്കുന്നത്. ഒമിക്രോണ്‍ ആശങ്ക ഉയര്‍ത്തിയ പശ്ചാത്തലത്തിലാണ് ആരോഗ്യവിദഗ്ധര്‍ ഇത്തരമൊരു ആശയം മുന്നോട്ടു വച്ചത്.

പ്രതിരോധകുത്തിവെപ്പുമായി ബന്ധപ്പെട്ട ദേശീയ സാങ്കേതിക സമിതി ഇക്കാര്യത്തില്‍ ഉടനെ ശുപാര്‍ശ നല്‍കിയേക്കും. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് അന്തിമ തീരുമാനമെടുക്കുക. കോവിഡ്മൂലം മരിച്ചവരില്‍ കൂടുതലും വാക്സിന്‍ എടുക്കാത്തവരാണ്. വൈറസിന്റെ വകഭേദത്തെ പ്രതിരോധിക്കാന്‍ ബൂസ്റ്റര്‍ ഡോസിന് സാധിക്കുമെന്നാണ് കരുതുന്നത്.രണ്ടുഡോസുകളിലൂടെ ലഭിച്ച പ്രതിരോധശേഷി ഏതാനും മാസങ്ങള്‍ പിന്നിടുമ്പോള്‍ കുറഞ്ഞു വരും. മറ്റുരോഗങ്ങള്‍ ഉള്ളവരിലും പ്രായമേറിയവരിലുമാണ് പ്രതിരോധശേഷി വേഗം കുറയുന്നത്. ഈ പശ്ചാത്തലത്തിലാണ് ബൂസ്റ്റര്‍ ഡോസ് അനിവാര്യമാകുന്നത്.

പതിനെട്ടു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കാനുള്ള അന്തിമ തീരുമാനവും കേന്ദ്രം ഉടനെ എടുത്തേക്കും. കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെങ്കിലും എന്നു തുടങ്ങണമെന്ന് തീരുമാനിച്ചിട്ടില്ല. രോഗമുള്ള കുട്ടികള്‍ക്കും പ്രതിരോധശേഷി കുറഞ്ഞവര്‍ക്കുമാണ് മുന്‍ഗണന നല്‍കുക.

ഒമിക്രോണിനെ നേരിടാന്‍ മൂന്നാം ഡോസ് നല്‍കണമെന്ന് ലോകാരോഗ്യ സംഘടന ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ല. ഡിസംബര്‍ ഏഴിന് ഇതുമായി ബന്ധപ്പെട്ട് ഡബ്ല്യു.എച്ച്.ഒ.യുടെ ഉപദേശക സമിതി യോഗം ചേരുന്നുണ്ട്.അതേസമയം, ചില രാജ്യങ്ങള്‍ ഇതിനകം തന്നെ ബൂസ്റ്റര്‍ ഡോസ് നല്‍കിത്തുടങ്ങി. ഇസ്രയേലാണ് ഇക്കാര്യത്തില്‍ ഏറ്റവും മുന്നില്‍.

അതിനിടെ ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ രാജ്യാന്തര യാത്രക്കാര്‍ക്കുള്ള പുതുക്കിയ മാര്‍ഗരേഖ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. യാത്രാ വിശദാംശങ്ങള്‍ യാത്രക്കാര്‍ സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. യാത്രക്കാര്‍ക്കുള്ള ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. 12 ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് കര്‍ശന നിബന്ധനകള്‍.

കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ സാന്നിധ്യം രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ പാര്‍ലമെന്റില്‍ അറിയിച്ചു. രോഗബാധ സ്ഥിരീകരിക്കാന്‍ ജീനോം സ്വീക്വന്‍സിംഗ് അടക്കമുള്ള കൂടുതല്‍ വിദഗ്ധ പരിശോധനകള്‍ നടക്കുന്നുണ്ട്. അടിയന്തര സാഹചര്യത്തെ നേരിടാന്‍ രാജ്യം സജ്ജമാണെന്ന് ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ രാജ്യസഭയെ അറിയിച്ചു.

Other News