ലോകകപ്പ് യോഗ്യത: ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് നിരാശജനക സമനില


OCTOBER 15, 2019, 9:44 PM IST

കൊല്‍ക്കത്ത: ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരത്തില്‍ ബംഗ്ലാദേശിനെതിരായ  ഇന്ത്യക്ക് നിരാശാജനകമായ സമനില.ഓരോ ഗോൾ വീതം നേടിയാണ് ഇരു ടീമുകളും തുല്യത പാലിച്ചത്.

കൊല്‍ക്കത്ത സാള്‍ട്ട്ലേക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യപകുതിയില്‍ ബംഗ്ലാദേശ്  ഒരു ഗോളിന് മുന്നിലായിരുന്നു.രണ്ടാം പകുതിയില്‍ എൺപത്തൊൻപതാം മിനിറ്റില്‍ ആദുല്‍ ഖാന്റെ ഗോളിലാണ് ഇന്ത്യ സമനില പിടിച്ചത്‌

തുടക്കം മുതൽ ബംഗ്ലാദേശ്‌ ഗോൾമുഖത്തേക്ക്‌ ഇന്ത്യ നിരന്തരം ആക്രമണം അഴിച്ചുവിട്ടെങ്കിലും  നാല്പത്തിയൊന്നാം മിനിറ്റിൽ സാദ്‌ ഉദിന്റെ ഹെഡറിൽ ബംഗ്ലാദേശ്‌ മുന്നിലെത്തി. ഇന്ത്യൻ പ്രതിരോധത്തിന്റെ പിഴവിൽ നിന്നാണ്‌ ഗോൾ പിറന്നത്‌. പത്താം മിനിറ്റിൽ ഇന്ത്യ ഗോളെന്നുറച്ച അവസരം നഷ്ടമാക്കിയിരുന്നു.

ആദ്യ കളിയിൽ ഒമാനോട്‌ തോറ്റ ഇന്ത്യ ഖത്തറിനെ അവരുടെ തട്ടകത്തിൽ സമനിലയിൽ തളച്ച്‌ കരുത്തുകാട്ടിയതാണ്.എന്നാൽ ഫിഫ റാങ്കിംഗിൽ പിന്നിലുള്ള ബംഗ്ലാദേശിനോട് സമനില വഴങ്ങേണ്ടി വന്നത് ഇന്ത്യയ്ക്ക് തോൽവിക്ക് സമാനമാണ്.

ഏഷ്യൻ യോഗ്യതയിൽ ഖത്തർ ഏഴ്‌ പോയിന്റോടെ മുന്നിലാണ്‌. ഒമാന്‌ ആറ്‌ പോയിന്റുണ്ട്‌. അഫ്‌ഗാനിസ്ഥാന്‌ മൂന്നും ഇന്ത്യക്ക്‌ രണ്ടും പോയിന്റുമാണുള്ളത്.

Other News