114 യുദ്ധവിമാനങ്ങള്‍ കൂടി  വാങ്ങാന്‍ ഇന്ത്യ തയ്യാറെടുക്കുന്നു


JULY 15, 2019, 1:50 PM IST

റാഫെയ്ല്‍ ഇടപാടിന് ശേഷം 114 യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനുള്ള പുതിയ ഒരു കരാറിലേക്ക് ഇന്ത്യ നീങ്ങുകയാണ്. ഇപ്പോഴത്തെ നിലയില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇടപാടായിരിക്കുമിത്. സായുധ സേനകള്‍ക്ക് കരുത്തു പകരുന്നതിനുള്ള മോഡി ഗവണ്മെന്റിന്റെ പദ്ധതിയുടെ ഭാഗമായി വ്യോമസേനയുടെ കാലപ്പഴക്കം ചെന്ന യുദ്ധവിമാനങ്ങള്‍ മാറ്റി പുതിയവ നല്‍കുകകയാണ്    ലക്ഷ്യം.പതിനഞ്ച്  ബില്യണ്‍ ഡോളറില്‍ കൂടുതല്‍ തുകയുടെ ഇടപാടായിരിക്കുമിത്. ഇതിനുള്ള കരാര്‍ നേടുന്നതിനായി ബോയിങ്, ലോക് ഹീഡ്  മാര്‍ട്ടിന്‍, സ്വീഡനിലെ സാബ് എ ബി എന്നിവയുള്‍പ്പെടെ പ്രതിരോധമേഖലയിലെ ആഗോളവമ്പന്മാര്‍ രംഗത്തിറങ്ങിയിട്ടുണ്ട്.

വിമാനത്തിന്റെ 85 ശതമാനമെങ്കിലും ഇന്ത്യയില്‍ നിര്‍മ്മിക്കണമെന്നതാണ് ഒരു വര്‍ഷം മുമ്പ്  തയ്യാറാക്കിയ രേഖയില്‍ വ്യവസ്ഥ ചെയ്യുന്നത്.

അയല്‍ രാഷ്ട്രങ്ങളായ ചൈനയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നും വലിയ ഭീഷണികള്‍ ഉയരുന്ന സാഹചര്യത്തിലാണ് സായുധ സേനകള്‍ ആധുനീകരിക്കുന്നതിനു മോഡി ഗവണ്മെന്റ് പ്രാധാന്യം നല്‍കുന്നത്. ഈ മാര്‍ച്ചില്‍ നടന്ന ഇന്ത്യ-പാക്  ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ വ്യോമസേന പ്രധാനമായും ആശ്രയിക്കുന്ന  സോവിയറ്റ് കാലഘട്ടത്തിലെ ഒരു മിഗ്-21  യുദ്ധവിമാനം പാകിസ്ഥാന്റെ  എഫ്-16 യുദ്ധവിമാനം വെടിവെച്ചിട്ടിരുന്നു.

ആദ്യ മോഡി ഗവണ്മെന്റ്  പുതുതായി വന്‍ പ്രതിരോധ ഇടപാടുകളൊന്നും നടത്തിയിരുന്നില്ല. വ്യോമ സേനയുടെ ആവശ്യകതകളും കമ്പനികളില്‍ നിന്നും ലഭിച്ച പ്രാഥമിക ഓഫറുകളും വിലയിരുത്തുകയാണെന്നു പ്രതിരോധ സഹമന്ത്രി ശ്രീപദ് നായിക് പാര്‍ലമെന്റില്‍ പറഞ്ഞു. ടാങ്കുകളും കവചിത വാഹനങ്ങളും വാങ്ങുന്നതിനുള്ള രേഖകളും ഗവണ്മെന്റ് തയ്യാറാക്കി വരുന്നതായി മന്ത്രി പറഞ്ഞു. ഇന്ത്യയില്‍ അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കുന്നതിന് വിദേശത്തെ കപ്പല്‍ നിര്‍മ്മാണ കമ്പനികളുമായും ഇന്ത്യ ഗവണ്മെന്റ് ബന്ധപ്പെട്ടിരുന്നു.

ഇന്ത്യാ സമുദ്രത്തിലെ സുരക്ഷാ സന്നാഹങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി നാവിക സേനക്കും തീരദേശ സംരക്ഷണ സേനക്കുമായി യുദ്ധക്കപ്പലുകളും അനുബന്ധ യാനങ്ങളും വാങ്ങുന്നതിനും ഇന്ത്യാ ഗവണ്മെന്റ് പദ്ധതികള്‍  തയ്യാറാക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആറ് മിസൈല്‍ വാഹിനികളായ യുദ്ധക്കപ്പലുകളും അനുബന്ധ യാനങ്ങളും നിര്‍മ്മിക്കുന്നതിനുള്ള 150 ബില്യണ്‍ രൂപ പദ്ധതിയുടെ കരാറിനായി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഗവണ്മെന്റ് ഏഴ് കപ്പല്‍ നിര്‍മ്മാണ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുള്ളതായി രാജ്യരക്ഷാമന്ത്രാലയവും വെളിപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയുടെ വ്യോമസേനക്കും നാവികസേനക്കുമായി ഒറ്റ എഞ്ചിനുള്ളതും ഇരട്ട എഞ്ചിനുകളുള്ളതുമായ 400 യുദ്ധ വിമാനങ്ങള്‍ ആവശ്യമുള്ളതായി ഗവണ്മെന്റ് പറയുന്നു. എഫ്എ 18 യുദ്ധവിമാനങ്ങളുടെ കരാര്‍ നേടാന്‍ ശ്രമിക്കുന്ന ബോയിങ്  പൊതുമേഖലയിലെ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡുമായും മഹിന്ദ്ര ഡിഫന്‍സ് സിസ്റ്റംസ് ലിമിറ്റഡുമായുമാണ് സഹകരണത്തിന് ശ്രമിക്കുന്നത്. ലോക് ഹീഡ് അതിന്റെ എഫ്-21  യുദ്ധ വിമാനങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള സഹകരണത്തിനായി  ടാറ്റ ഗ്രൂപ്പിന്റെ സഹകരണം ഉദ്ദേശിക്കുമ്പോള്‍ സാബ് അതിന്റെ ഗ്രിപെന്‍ യുദ്ധ വിമാനങ്ങളുടെ നിര്‍മ്മാണത്തിനായി ഗൗതം അദാനിയുടെ സഹകരണം തേടുന്നു.നേരത്തെ 126 റാഫേയ്ല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിന്  ദാസോ കമ്പനിയുമായി ഉണ്ടാക്കിയിരുന്ന 11  ബില്യണ്‍ ഡോളറിന്റെ കരാര്‍ 2015ല്‍ റദ്ദാക്കിയ ഗവണ്മെന്റ് 36 വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള ഒരു പുതിയ കരാറാണ് ഒപ്പുവെച്ചത്. അതനുസരിച്ചുള്ള ആദ്യ യുദ്ധ വിമാനം കരാര്‍ ഒപ്പുവെച്ച് മൂന്ന് വര്‍ഷത്തിനുള്ളില്‍ നല്‍കണമെന്നാണ് വ്യവസ്ഥ.

Other News