യു.എ.ഇ. പ്രസിഡന്റിന്റെ നിര്യാണത്തില്‍ ഇന്ത്യയില്‍ ശനിയാഴ്ച ദുഃഖാചരണം


MAY 14, 2022, 7:32 AM IST

ന്യൂഡല്‍ഹി :  യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്യാണത്തില്‍ ഇന്ത്യയില്‍ ശനിയാഴ്ച ദുഃഖാചരണം പ്രഖ്യാപിച്ചു. ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനോടുള്ള ആദരസൂചകമായി രാജ്യത്തുടനീളം ഒരുദിവസത്തെ ദുഃഖാചരണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഇതിന്റെ ഭാഗമായി പൊതുസ്ഥാപനങ്ങളിലും മറ്റും ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും. ശനിയാഴ്ച ഔദ്യോഗിക വിനോദ പരിപാടികളും ഉണ്ടാകില്ല. യുഎഇ സായുധസേനയുടെ പരമോന്നത കമാന്‍ഡറും സുപ്രീം പെട്രോളിയം കൗണ്‍സിലിന്റെ ചെയര്‍മാനും കൂടിയായ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ വിയോഗം വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രാലയമായം അറിയിച്ചത്.

മൃതദേഹം അബുദാബിയിലെ അല്‍ ബത്തീന്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കിയതായി യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. അബുദാബിയിലെ ശൈഖ് സുല്‍ത്താന്‍ ബിന്‍ സായിദ് പള്ളിയില്‍ നടന്ന മരണാനന്തര പ്രാര്‍ത്ഥനകളില്‍ അബുദാബി കിരീടാവകാശിയും ശൈഖ് ഖലീഫയുടെ സഹോദരനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും രാജകുടുംബത്തിലെ മറ്റ് അംഗങ്ങളും പങ്കെടുത്തു.

പള്ളിയില്‍ വെച്ചുനടന്ന നമസ്‌കാരത്തിന് ശേഷം കുടുംബാംഗങ്ങള്‍ അല്‍ ബത്തീന്‍ ഖബര്‍സ്ഥാനിലേക്ക് മൃതദേഹത്തെ അനുഗമിച്ചു. യുഎഇയിലെ എല്ലാ പള്ളികളിലും വെള്ളിയാഴ്ച മഗ്രിബ് നമസ്‌കാരത്തിന് ശേഷം ശൈഖ് ഖലീഫയ്ക്ക് വേണ്ടിയുള്ള മരണാനന്തര പ്രാര്‍ത്ഥനകള്‍ നടന്നിരുന്നു. സ്വദേശികളും പ്രവാസികളുമടക്കം ആയിരക്കണക്കിന് പേര്‍ വിവിധ പള്ളികളില്‍ നടന്ന നമസ്‌കാരത്തില്‍ പങ്കെടുത്തു. യുഎഇയുടെ രൂപീകരണത്തിന് ശേഷമുള്ള രണ്ടാമത്തെ പ്രസിഡന്റാണ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍.

യുഎഇയില്‍ 40 ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. യുഎഇയിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും മൂന്നുദിവസം അവധിയായിരിക്കും.

Other News