ഇന്ത്യ-യുഎസ്  ബന്ധം ശക്തമാക്കാന്‍ നീക്കം


AUGUST 23, 2019, 2:38 PM IST

ഇന്ത്യയും അമേരിക്കയുമായുള്ള ബന്ധങ്ങള്‍ വിലയിരുത്തുന്നതിനും വ്യാപാര മേഖലയില്‍ നിലവിലുള്ള ഭിന്നതകള്‍ പരിഹരിക്കുന്നതിനും ഉന്നതതല ചര്‍ച്ചകള്‍ ആരംഭിച്ചു.ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ സുശക്തമായി മുന്നേറുന്നു എന്ന് ഉറപ്പുവരുത്തുന്നതിനുള്ള പരിശ്രമങ്ങളുടെ ഭാഗമായി യുഎസ് സ്റ്റേറ്റ് ഡെപ്യൂട്ടി സെക്രട്ടറി ജോണ്‍ ജെ സള്ളിവന്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യ സന്ദര്‍ശിച്ച് വിദേശമന്ത്രി എസ്. ജയശങ്കറുമായി ചര്‍ച്ചകള്‍ നടത്തി. വരും ദിവസങ്ങളില്‍ ദക്ഷിണ-മധ്യേഷ്യന്‍ കാര്യങ്ങള്‍ക്കായുള്ള ആക്ടിങ് അസിസ്റ്റന്റ് സെക്രട്ടറി ആലിസ് വെല്‍സ് ഇന്ത്യയിലെത്തും.

ഈ മാസമാദ്യം ബാങ്കോക്കില്‍ ദക്ഷിണ പൂര്‍വേഷ്യന്‍ വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിനിടയില്‍ വിദേശമന്ത്രി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുമായി നടത്തിയ കൂടിക്കാഴ്ചക്ക്  ശേഷമാണ് ഈ സന്ദര്‍ശനങ്ങള്‍ സംബന്ധിച്ച് തീരുമാനമുണ്ടായത്. ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കാനുള്ള തീരുമാനം സംബന്ധിച്ച് ഐക്യരാഷ്ട്ര രക്ഷാ സമിതിയില്‍ ചര്‍ച്ച ചെയ്തതിന്റെ തലേദിവസമാണ് സള്ളിവന്‍ ഇന്ത്യന്‍ വിദേശമന്ത്രിയുമായി ചര്‍ച്ച നടത്തിയത്. ന്യൂഡല്‍ഹിയില്‍ എത്തുന്നതിനു മുമ്പ് സള്ളിവന്‍ ഭൂട്ടാനും സന്ദര്‍ശിച്ചു. ഇരു രാജ്യങ്ങളുമായും യുഎസിന്റെ പങ്കാളിത്തം വിപുലമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഓഗസ്റ്റ് 11 മുതല്‍ 17 വരെ നീണ്ടുനിന്ന സന്ദര്‍ശനം. ഇന്‍ഡോ-പസിഫിക് മേഖലയില്‍ നിയമാധിഷ്ഠിതമായ ക്രമം പാലിക്കുന്നതിന് ഇരു രാജ്യങ്ങളുമായുള്ള പങ്കാളിത്തം വളരെ പ്രധാനമായി കാണുന്നുവെന്ന് യുഎസ് സ്റ്റേറ്റ്  ഡിപ്പാര്‍ട്ടുമെന്റ് പറഞ്ഞു.

ജനാധിപത്യ മൂല്യങ്ങളോടും സാമ്പത്തിക വളര്‍ച്ചയോടും നിയമവാഴ്ചയോടും പങ്കുവെക്കുന്നതായ പ്രതിബദ്ധതയുടെ അടിസ്ഥാനത്തില്‍ യുഎസും ഇന്ത്യയും തമ്മിലുള്ള   ബഹുമുഖമായ തന്ത്രപ്രധാന പങ്കാളിത്തം കൂടുതല്‍ വികസിപ്പിക്കുകയാകും സള്ളിവന്റെ സന്ദര്‍ശന ലക്ഷ്യമെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റ് നേരത്തെ അറിയിച്ചിരുന്നു.

പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനൊപ്പം വിദേശമന്ത്രി ജയശങ്കര്‍ അടുത്തമാസം യുഎസ് സന്ദര്‍ശിക്കും. ഇരു രാജ്യങ്ങളുടെയും വിദേശ-പ്രതിരോധ മന്ത്രിമാര്‍ പങ്കെടുക്കുന്ന 2+2 ചര്‍ച്ചകള്‍ക്കായാണ് ഇരുവരും പോകുന്നത്. ഓസ്ട്രേലിയ, ജപ്പാന്‍ എന്നിങ്ങനെ ചുരുക്കം ചില തെരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളുമായാണ് യുഎസ് അത്തരം ചര്‍ച്ചകള്‍ നടത്തുന്നത്.വ്യാപാര രംഗത്ത്  ഉടലെടുത്തിട്ടുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി വാണിജ്യ മന്ത്രി പിയുഷ് ഗോയലും യുഎസിലേക്ക് പോകുന്നുണ്ട്. ഇക്കാര്യത്തില്‍ ഇരു രാജ്യങ്ങള്‍ക്കും യോജിച്ച തീരുമാനത്തില്‍ എത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്റ്റെന്റുകള്‍ ഉള്‍പ്പടെയുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് ഇന്ത്യ വില പരിധി നിശ്ചയിച്ചതും യുഎസ് കമ്പനികള്‍ ഡേറ്റ തദ്ദേശീയമായി സൂക്ഷിക്കണമെന്ന ഇന്ത്യയുടെ നിര്‍ദ്ദേശവും ഇ-വാണിജ്യത്തിനു മേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണവുമെല്ലാം യുഎസിനെ അസ്വസ്ഥമാക്കിയിട്ടുണ്ട്.

Other News