സീഡില്ലാതെ ഇറങ്ങി കിരീടവുമായി തിരിച്ചുകയറി സാത്വിക്-ചിരാഗ് സഖ്യം ചരിത്രമെഴുതി 


AUGUST 4, 2019, 9:22 PM IST

 

ബാങ്കോക്ക്: ബാഡ്‌മിന്റൺ കോർട്ടിൽ ഇന്ത്യക്ക് ചരിത്രനേട്ടം. തായ്‌ലന്‍ഡ് ഓപ്പണ്‍ ബാഡ്‌മിന്റണിൽ പുരുഷ ഡബിള്‍സില്‍ സീഡ് ചെയ്യപ്പെടാതെ ഇറങ്ങിയ ഇന്ത്യൻ താരജോടിയായ സാത്വിക് സായ്‌രാജ് റാന്‍കിറെഡ്ഢിയും ചിരാഗ് ഷെട്ടിയും കിരീടം ചൂടി.ഇത് ആദ്യമായാണ് ഒരു ഇന്ത്യന്‍ പുരുഷ സഖ്യം അന്താരാഷ്ട്ര ബാഡ്‌മിന്റണിലെ സൂപ്പര്‍ 500 ടൂര്‍ണമെന്റില്‍ ജേതാക്കളാകുന്നത്.

ഫൈനലില്‍ ലോക ചാമ്പ്യന്മാരും ലോക രണ്ടാം റാങ്കുകാരുമായ ചൈനയുടെ ലി യുന്‍ ഹ്യു-ല്യു യു ചെന്‍ സഖ്യത്തെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് അട്ടിമറിച്ചാണ് സാത്വിക് - ചിരാഗ് സഖ്യത്തിന്റെ വിസ്‌മയാവഹ നേട്ടം.

ഒരു ഗെയിം നഷ്‌ടമായശേഷം ഉജ്ജ്വലമായി തിരിച്ചുവന്നാണ് ലോക റാങ്കിംഗിൽ 16-ാം സീഡ് മാത്രമുള്ള ഇന്ത്യൻ സഖ്യം കിരീടം കൈക്കലാക്കിയത്. സ്‌കോര്‍: 21-19, 18-21, 21-18. മത്സരം ഒരു മണിക്കൂറും രണ്ട് മിനിറ്റും നീണ്ടു.

2018 കോമണ്‍വെല്‍ത്ത് ഗെയിംസിലെ വെള്ളി മെഡല്‍ ജേതാക്കളായ ഇവരുടെ ഈ സീസണിലെ ആദ്യ ഫൈനലായിരുന്നു ഇന്നത്തേത്.

Other News