ഏഷ്യൻ വോളിയിൽ ഇന്ത്യക്ക് വെള്ളിത്തിളക്കം 


AUGUST 13, 2019, 1:31 AM IST

യാങ്കോൺ:ഏഷ്യൻ അണ്ടർ 23 വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക്‌ വെള്ളി. ഫൈനലിൽ ഇന്ത്യ ചൈനീസ്‌ തായ്‌പേയിയോട്‌ (21–-25, 20–-25, 25–-19, 23–-25) തോറ്റു. രണ്ടുമണിക്കൂർ നീണ്ട പോരാട്ടത്തിൽ ആദ്യ രണ്ട്‌ സെറ്റ്‌ കൈവിട്ട ഇന്ത്യ മൂന്നാം സെറ്റ്‌ നേടി തിരിച്ചുവന്നെങ്കിലും ചൈനീസ്‌ തായ്‌പേയ്‌ ആധിപത്യം നിലനിർത്തി.

ആക്രമണത്തിലും പ്രതിരോധത്തിലും ഇന്ത്യ മങ്ങിപ്പോയി. മലയാളിതാരം ഷോൺ ടി ജോൺ കരുത്തുറ്റ സ്‌മാഷുകളുമായി കളം നിറഞ്ഞെങ്കിലും ടീമിന്‌ ഒത്തിണക്കമുണ്ടായില്ല.ആദ്യ സെറ്റിൽ ഇന്ത്യ 4–-1 ലീഡ്‌ നേടിയശേഷമാണ്‌ കളി കളഞ്ഞുകുളിച്ചത്‌. വിടാതെ പിന്തുടർന്ന തായ്‌പേയ്‌ താരങ്ങൾ 14–-12 ലീഡ്‌ നേടി തന്ത്രപരമായ ഷോട്ടുകളിലൂടെ 25–-21ന്‌ സെറ്റ്‌ പിടിച്ചു. 23 മിനിറ്റിലായിരുന്നു വിജയം. 

രണ്ടാം സെറ്റിൽ തുടക്കം ഒപ്പത്തിനൊപ്പമായിരുന്നു. ചൈനീസ്‌ തായ്‌പേയ്‌ 4–-2ന്‌ മുന്നിലെത്തിയെങ്കിലും ഇന്ത്യ 4–-4ലെത്തി. പിന്നീട്‌ 9–-7, 13–-10, 17–-15ലേക്കും ഇന്ത്യ ലീഡ്‌ ഉയർത്തി. എന്നാൽ, ഒത്തിണക്കത്തോടെ കളിച്ച ചൈനീസ്‌ തായ്‌പേയ്‌ 18–-18 ആക്കി. തുടർന്ന്‌ 20–-19ന്‌ ലീഡ്‌ പിടിച്ചതോടെ ഇന്ത്യ കളിവിട്ടു. 

മൂന്നാം സെറ്റിൽ ഇന്ത്യ തിരിച്ചുവരവിന്റെ സൂചന നൽകി. 8–-7ന്‌ ലീഡ്‌ നേടിയ തായ്‌പേയിയെ പിന്തള്ളി ഇന്ത്യ മുന്നോട്ടുകുതിച്ചു. 13–-12 ലീഡ്‌ നേടിയ ഇന്ത്യ 22–-19ലേക്ക്‌ കുതിച്ചു. ഒടുവിൽ 25–-19ന്‌ സെറ്റ്‌ സ്വന്തമാക്കി.മൂന്നാം സെറ്റിലെ വിജയം ഇന്ത്യക്ക്‌ ആത്മവിശ്വാസം നൽകിയില്ല. പന്ത്‌ സ്വീകരിക്കുന്നതിലും കൈമാറ്റത്തിലും പാളി. പ്രതിരോധത്തിൽ ധാരാളം വിള്ളലുണ്ടായി.

6–-3 ലീഡുമായി തുടങ്ങിയ തായ്‌പേയ്‌ അതിവേഗം മുന്നേറി. ലീഡ്‌ 8–-5, 20–-16 ലേക്ക്‌ കുതിച്ചു. ഇന്ത്യ അവസാന നിമിഷം പൊരുതിയെങ്കിലും വൈകിപ്പോയിരുന്നു. 17–-21, 18–-23, 22–-23 ലേക്ക്‌ ഇന്ത്യയെത്തി. എന്നാൽ, ഓൾറൗണ്ട്‌ മികവിലൂടെ  ചൈനീസ്‌ തായ്‌പേയ്‌ 23–-25ന്‌ സെറ്റും കിരീടവും സ്വന്തമാക്കി. ഇന്ത്യയുടെ പ്രിൻസ്‌ മികച്ച പ്രതിരോധക്കാരനായി. മുത്തുസാമാണ്‌ മികച്ച സെറ്റർ.

Other News