ഖദീജയുടെ വസ്ത്രധാരണം; വ്യക്തി സ്വാതന്ത്ര്യത്തെ ബഹുമാനിക്കണമെന്ന് തസ്ലീമയോട് എ ആര്‍ റഹ്മാന്‍


FEBRUARY 21, 2020, 7:36 PM IST

മുംബൈ: 'ഖദീജയുടേത് ഒരു മതവസ്ത്രം എന്നതിനപ്പുറം അവളുടെ തെരഞ്ഞെടുപ്പാണെന്ന്' സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്‍. വിഖ്യാത സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്റെ മകള്‍ ഖദീജ ബുര്‍ഖ ധരിക്കുന്നതുമായി ബന്ധപ്പെട്ട് തസ്ലീമ നസ്രീന്‍ ഉയര്‍ത്തിയ വിവാദത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ടൈംസ് ഓഫ് ഇന്ത്യയ്ക്ക്് നല്കിയ അഭിമുഖത്തിലാണ് എ ആര്‍ റഹ്മാന്‍ തന്റെ നയം വ്യക്തമാക്കിയത്. 

നേരത്തെ തസ്ലീമയുടെ ആരോപണത്തിന് റഹ്മാന്റെ മകള്‍ ഖദീജ തന്നെ മറുപടി നല്കിയിരുന്നു.  

മകള്‍ക്ക് ഇഷ്ടമുള്ളത് പ്രവര്‍ത്തിക്കാനും ധരിക്കാനുമുള്ള സ്വാതന്ത്ര്യം ഒരു പിതാവ് എന്ന നിലയില്‍ താന്‍ നല്‍കിയിട്ടുണ്ടെന്നും അതിനെ ബഹുമാനിക്കൂ എന്നും റഹ്മാന്‍ പറഞ്ഞു. നല്ലതും ചീത്തയും മനസ്സിലാക്കാന്‍ എന്റെ മക്കള്‍ വളര്‍ന്നു കഴിഞ്ഞിട്ടുണ്ട്. ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ അവര്‍ക്ക് സ്വാതന്ത്ര്യവുമുണ്ട്. ഇഷ്ടമുള്ളത്  ധരിക്കാനുള്ള സ്വാതന്ത്ര്യം അവള്‍ക്കുണ്ടെന്നും റഹ്മാന്‍ വ്യക്തമാക്കി.

എ ആര്‍ റഹ്മാന്റെ സംഗീതം തനിക്ക് ഇഷ്ടമാണെങ്കിലും അദ്ദേഹത്തിന്റെ മകളെ നിഖാബ് ധരിച്ച രീതിയില്‍  കാണുമ്പോള്‍ തനിക്ക് ശ്വാസം മുട്ടുമെന്നായിരുന്നു തസ്ലീമ നസ്രീന്‍ പറഞ്ഞത്. സംസ്‌കാരമുള്ള ഒരു കുടുംബത്തില്‍ നിന്ന് വരുന്ന വിദ്യാഭ്യാസം നേടിയ ഒരു സ്ത്രീ പോലും അനായാസമായി മസ്തിഷ്‌ക പ്രക്ഷാളനത്തിന് വിധേയയാകാം എന്നാണ് താന്‍ മനസ്സിലാക്കുന്നതെന്നുമായിരുന്നു തസ്ലീമയുടെ വാക്കുകള്‍. 

തന്റെ വേഷം കാരണം തസ്ലീമയ്ക്ക് ശ്വാസം മുട്ടുന്നുവെങ്കില്‍ അല്‍പ്പം ശുദ്ധവായു ശ്വസിക്കണം എന്നായിരുന്നു ഖദീജ ഇതിന് നല്കിയ മറുപടി. ഈ രാജ്യത്ത് എന്തെല്ലാം പ്രശ്‌നങ്ങള്‍ നടക്കുന്നുണ്ടെന്നും  എന്നിട്ടും ഒരു സ്ത്രീയുടെ വസ്ത്രത്തെകുറിച്ചാണല്ലോ ചര്‍ച്ചയെന്നും പരിഹസിച്ച ഖദീജ തന്റെ തെരഞ്ഞെടുപ്പില്‍ ഒരു ഖേദവുമില്ലെന്നും ചെയ്യുന്ന കാര്യത്തില്‍ സന്തോഷവും അഭിമാനവുമുണ്ടെന്നും കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. മാത്രമല്ല മറുപടി നല്കിയ ഇസ്റ്റാഗ്രാം പോസ്റ്റില്‍ ആകാശത്തിന്റെ ചിത്രവും അവര്‍ പങ്കുവച്ചു.

Other News