വീട്ടുതടങ്കലില്‍ കഴിയുന്ന ഗീലാനിക്ക് ഇന്റര്‍നെറ്റ്;  ബിഎസ്എന്‍എല്‍ ജീവനക്കാരെ പുറത്താക്കി


AUGUST 19, 2019, 4:58 PM IST

ശ്രീനഗര്‍: കശ്മീരിനെ സംബന്ധിക്കുന്ന ആര്‍ട്ടിക്ക്ള്‍ 370 റദ്ദാക്കിയതിന് മുന്നോടിയായി വീട്ടുതടങ്കലിലാക്കപ്പെട്ട വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗീലാനിക്ക് ഇന്റര്‍നെറ്റ് ലഭ്യമാക്കിയെന്നാരോപിച്ച് രണ്ടു ബി.എസ്.എന്‍.എല്‍ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു.

ജമ്മു കശ്മീരില്‍ വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ദിവസങ്ങളില്‍ ഗീലാനിക്ക് ബി.എസ്.എന്‍.എല്ലിന്റെ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്ക്ള്‍ 370 റദ്ദാക്കുന്ന ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായി ആഗസ്റ്റ് നാലു മുതല്‍ ഒരാഴ്ചയോളമാണ് സംസ്ഥാനത്ത് വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ നിര്‍ത്തലാക്കിയത്. ഈ ദിവസങ്ങളില്‍ ഹുര്‍റിയത്ത് പാര്‍ട്ടി നേതാവായ ഗീലാനി സ്വന്തം ട്വിറ്റര്‍ അക്കൗണ്ട് ഉപയോഗിച്ച് ട്വീറ്റ് ചെയ്തിരുന്നു. ആഗസ്റ്റ് എട്ട് രാവിലെ വരെ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റും ലാന്‍ഡ് ലൈന്‍ സേവനവുമടക്കം ഗീലാനിക്ക് ലഭിച്ചു.

ഗീലാനിയുടെ ട്വീറ്റുകള്‍ കണ്ടതോടെയാണ് അധികൃതര്‍ ഇക്കാര്യം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാറും ജമ്മു കശ്മീര്‍ പൊലീസും ഗീലാനിയുടെ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യാന്‍ ട്വിറ്ററിനോട് ആവശ്യപ്പെടുകയായിരുന്നു. ഗീലാനിക്ക് മാത്രമായി എങ്ങനെ ഇന്റര്‍നെറ്റ് ലഭിച്ചുവെന്ന കാര്യത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഉമര്‍ അബ്ദുല്ല, മെഹ്ബൂബ മുഫ്തി, ഫാറൂഖ് അബ്ദുല്ല അടക്കം നിരവധി നേതാക്കള്‍ ഇപ്പോഴും വീട്ടുതടങ്കലിലാണ്.

Other News