ഗൗതം ഗംഭീറിന് ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ വധഭീഷണി.


NOVEMBER 25, 2021, 10:06 AM IST

ന്യൂഡല്‍ഹി: ഇന്ത്യന്‍ മുന്‍ ഓപ്പണറും ലോക്സഭാ എംപിയുമായ ഗൗതം ഗംഭീറിന് നേര്‍ക്ക് വധഭീഷണി. ഐഎസ്ഐഎസ് കശ്മീരാണ് വധഭീഷണി ഉയര്‍ത്തിയത്. ഭീഷണിയെ തുടര്‍ന്ന് ഗൗതം ഗംഭീറിന്റെ സുരക്ഷ വര്‍ധിപ്പിച്ചു.

ഗംഭീറിന്റെ ഔദ്യോഗിക ഇമെയിലിലേക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. പിന്നാലെ ഗംഭീര്‍ പൊലീസില്‍ പരാതി നല്‍കുകയും സുരക്ഷ വര്‍ധിപ്പിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഗംഭീറിന്റെ രാജേന്ദ്ര നഗറിലെ വീട്ടില്‍ ഡല്‍ഹി പൊലീസില്‍ സുരക്ഷ ക്രമീകരണങ്ങള്‍ കടുപ്പിച്ചു.

തനിക്കും കുടുംബത്തിനും നേര്‍ക്ക് വധഭീഷണി ഉണ്ടെന്ന് ഡല്‍ഹി പൊലീസിന് നല്‍കിയ പരാതിയില്‍ ഗംഭീര്‍ പറയുന്നു. ഭീഷണി സന്ദേശം അയച്ചവരെ ഉടന്‍ കണ്ടെത്തുമെന്ന് ഡല്‍ഹി ഡിസിപി ശ്വേത ചൗഹാന്‍ പറഞ്ഞു. ഭീഷണി സന്ദേശം അയക്കാനുള്ള കാരണം വ്യക്തമല്ല.

2018ലാണ് ഗംഭീര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. പിന്നാലെ ദേശിയ രാഷ്ട്രീയത്തില്‍ സജീവമായി. 2019ല്‍ ലോക്സഭാ അംഗമായി. കിഴക്കന്‍ ഡല്‍ഹിയില്‍ നിന്നാണ് ബിജെപി സ്ഥാനാര്‍ഥിയായി ഗംഭീര്‍ ലോക്സഭയിലേക്ക് എത്തിയത്.

Other News