നമീബിയയില്‍ നിന്നെത്തിയ ആശ ഗര്‍ഭിണിയെന്ന് സൂചന


OCTOBER 1, 2022, 4:31 PM IST

ന്യൂദല്‍ഹി: നമീബിയയില്‍ നിന്ന് ഇന്ത്യയിലെത്തിച്ച ചീറ്റകളില്‍ ഒന്ന് ഗര്‍ഭിണിയാണെന്ന സൂചനകള്‍ പങ്കുവെച്ച് അധികൃതര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി 'ആശ' എന്ന് പേരിട്ട ചീറ്റപ്പുലിയാണ് ഗര്‍ഭം ധരിച്ചിരിക്കുന്നത്. ഇതോടെ വലിയ ശ്രദ്ധയാണ് കുനോ ദേശീയോദ്യാനത്തില്‍ ഈ ചീറ്റയ്ക്ക് നല്‍കുന്നത്. ഈ മാസം അവസാനത്തോടെ സ്ഥിരീകരണം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

ചീറ്റപ്പുലിയില്‍ ഗര്‍ഭാവസ്ഥയുടെ സൂചനയുണ്ടെങ്കിലും സ്ഥിരീകരണത്തിന് 55 ദിവസമെങ്കിലും കാത്തിരിക്കേണ്ടി വരുമെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

നരേന്ദ്ര മോദിയുടെ 72-ാം ജന്മദിനമായ സെപ്തംബര്‍ 17നാണ് ചീറ്റപ്പുലികള്‍ ഇന്ത്യയിലെത്തിയത്. 1952ല്‍ ആണ് ഇന്ത്യയില്‍ ചീറ്റകള്‍ക്ക് വംശനാശം സംഭവിച്ചതായി കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത് പിന്നീട് 2009ലാണ് ചീറ്റകളെ ആഫ്രിക്കയില്‍ നിന്ന് എത്തിക്കാനുള്ള പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായത്. ഈ വര്‍ഷം 25 ചീറ്റകളെ ഇന്ത്യയില്‍ എത്തിക്കാനാണ് ലക്ഷ്യം. അഞ്ച് വര്‍ഷം കൊണ്ട് 50 എണ്ണം കൊണ്ടുവരും. നമീബിയയില്‍ നിന്നും ദക്ഷിണാഫ്രിക്കയില്‍ നിന്നും ചീറ്റകളെ എത്തിക്കുന്നതിന് ആകെ 50.22 കോടി രൂപ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ നല്‍കും.

Other News