തമിഴ്‌നാട് വൈദ്യുതി മന്ത്രിയുമായി ബന്ധമുള്ളവരുടെ വീടുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്


MAY 26, 2023, 3:26 PM IST

ചെന്നൈ : തമിഴ്‌നാട് വൈദ്യുതി മന്ത്രി വി. സെന്തില്‍ ബാലാജിയുമായി ബന്ധമുള്ളവരുടെ വസതികളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. കാരൂര്‍, കോയമ്പത്തൂര്‍, ചെന്നൈ എന്നിവിടങ്ങളിലെ വീടുകളിലാണ് റെയ്ഡ് നടക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

മന്ത്രിയുടെ അടുത്ത ബന്ധുക്കളുടെയും ചില കോണ്‍ട്രാക്ടര്‍മാരുടെയും വീടുകളിലാണ് ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. കാരൂരിലെ ബാലാജിയുടെ സഹോദരന്‍ അശോകിന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും ഡിഎംകെ പ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കമുണ്ടായതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉദ്യോഗസ്ഥര്‍ എത്തിയ കാര്‍ ബാലാജിയുടെ അനുയായികള്‍ തകര്‍ത്തു. ഡിഎംകെയുടെ മുതിര്‍ന്ന നേതാവായ സെന്തില്‍ ബാലാജി തമിഴ്നാട് എക്സൈസ്, വൈദ്യുതി മന്ത്രിയാണ്.

ഒരു മാസം മുന്‍പ് തമിഴ്നാട്ടിലെയും കര്‍ണാടകയിലെയും റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ ജി സ്‌ക്വയര്‍ റിയല്‍റ്റേഴ്സ് പ്രൈവറ്റ് ലിമിറ്റഡുമായി ബന്ധപ്പെട്ട 50 സ്ഥലങ്ങളില്‍ ഐ-ടി വകുപ്പ് പരിശോധന നടത്തിയിരുന്നു. ഈ മാസമാദ്യം ഡിഎംകെ അംഗങ്ങളുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കളുടെ വിശദാംശങ്ങളടങ്ങിയ ഫയലുകള്‍ തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ.അണ്ണാമലൈ പുറത്തുവിട്ടിരുന്നു. അതേസമയം, കമ്പനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു

Other News