പുല്‍വാമ ആക്രമണം നടത്തിയ ജെയ്‌ഷെ ഭീകരനെ ഇന്ത്യന്‍ സേന വധിച്ചു


AUGUST 1, 2021, 7:55 AM IST

ന്യൂഡല്‍ഹി: ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ 40 സി.ആര്‍.പി.എഫ് ജവാന്‍മാര്‍ വീരമൃത്യു വരിച്ച ഭീകരാക്രമണത്തിന്റെ ഗൂഢാലോചനയിലും ആസൂത്രണത്തിലും മുഖ്യപങ്കാളിയായിരുന്ന ജയ്ഷെ ഭീകരന്‍ മുഹമ്മദ് ഇസ്മയില്‍ അല്‍വിയെ ഇന്ത്യന്‍ സുരക്ഷ സേന വധിച്ചു. ഇന്നലെ രാവിലെ ഏറ്റുമുട്ടലിലാണ് ഭീകരനെ ഇന്ത്യന്‍ സേന വധിച്ചത്. മറ്റൊരു ഭീകരനും കൊല്ലപ്പെട്ടു.ജെയ്‌ഷെ മുഹമ്മദ് സ്ഥാപകന്‍ മൗലാന മസൂദ് അഷറിന്റെ അനന്തരവനാണ് അല്‍വി. അബു സയ്ഫുള്ള, ഫൗജി ഭായ് തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു. പാകിസ്ഥാനിലെ ബഹാവല്‍പൂര്‍ കൊസാര്‍ കോളനി സ്വദേശിയാണ്.പുല്‍വാമ ജില്ലയിലെ അവന്തിപൂരില്‍ ദച്ചിഗാം വനമേഖലയില്‍ രണ്ടുഭീകരര്‍ ഒളിച്ചിരിക്കുന്നതായി സേനയ്ക്ക് വിവരം ലഭിച്ചിരുന്നു. തിരച്ചിലിനിടെ സേനയ്ക്കു നേരെ വെടിവച്ച ഭീകരര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.

ഒപ്പമുണ്ടായിരുന്ന ഭീകരനെ തിരിച്ചറിഞ്ഞിട്ടില്ല. എ.കെ 47 തോക്കുകളും, എം.4 റൈഫിള്‍, ഗ്‌ളോക്ക് പിസ്റ്റള്‍ തുടങ്ങിയവയും പിടിച്ചെടുത്തു.

2017ല്‍ ജമ്മുകാശ്മീരില്‍ നുഴഞ്ഞു കയറിയ അല്‍വി പുല്‍വാമ, അനന്ത്‌നാഗ് ജില്ലകളില്‍ ഭീകരപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുകയായിരുന്നു. പുല്‍വാമ സ്‌ഫോടനവുമായി ബന്ധപ്പെട്ട് എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത കേസിലെ മുഖ്യപ്രതിയാണ്. 14 കേസുകളില്‍ പ്രതിയാണെന്ന് ജമ്മുകാശ്മീര്‍ പൊലീസ് പറഞ്ഞു.

2019 ഫെബ്രുവരി 14ന് പുല്‍വാമയില്‍ ശ്രീനഗര്‍-ജമ്മു ദേശീയ പാതയില്‍ സി.ആര്‍.പി.എഫ് വാഹനവ്യൂഹത്തിന് നേരെ സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഓടിച്ചുകയറ്റിയ ചാവേര്‍ ഭീകരന്‍ ആദില്‍ അഹമ്മദ് ദാറിന് പരിശീലനം നല്‍കിയത് അല്‍വിയാണ്.

Other News