മയിലാട്ടുതുറൈ (തമിഴ്നാട് ) : വീട്ടില്‍ അതിക്രമിച്ച് കടന്ന് 17 കിലോ സ്വര്‍ണം തട്ടിയെടുത്ത നാലംഗ അക്രമി സംഘം ജുവലറി ഉടമയുടെ ഭാര്യയെയും മകനെയും കൊലപ്പെടുത്തി.
ജുവലറി ഉടമ ഉള്‍പ്പടെ രണ്ടുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. തമിഴ്നാട്ടിലെ മയിലാട്ടുതുറൈയിലെ സിര്‍ക്കഴിയില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം.സ്ഥലത്ത് ഉടനെത്തിയ പൊലീസ് സംഘം കവര്‍ച്ചയ്ക്ക് പിന്നിലുളള ഉത്തരേന്ത്യന്‍ സംഘത്തിലെ ഒരാളെ വെടിവച്ച് കൊന്നു. രണ്ടുപേരെ അറസ്റ്റ് ചെയ്തു.
ഒരാള്‍ക്കായുളള അന്വേഷണം നടക്കുകയാണ്. നഷ്ടപ്പെട്ട മുഴുവന്‍ സ്വര്‍ണവും പൊലീസ് കണ്ടെത്തി.സിര്‍ക്കഴി സ്വദേശിനി ഡി.ആശ (45), മകന് ഡി.അഖില്‍(28) എന്നിവരാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ജുവലറി ഉടമ ധനരാജ് (51), അഖിലിന്റെ ഭാര്യ നിഖില(23) എന്നിവരെ സിര്‍ക്കഴി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആയുധങ്ങളുമായി പുലര്‍ച്ചെ 6 മണിയ്ക്ക് ധനരാജിന്റെ വീട്ടിലേക്ക് ഇരച്ചുകയറിയ സംഘം കൊലയും കവര്‍ച്ചയും നടത്തി. വിവരമറിഞ്ഞ ഉടനെ അന്വേഷണം ആരംഭിച്ച മയിലാടുതുറൈ പൊലീസ് അടുത്തുളള എരുക്കൂര്‍ ഗ്രാമത്തില്‍ വയലില്‍ ഒളിച്ചിരിക്കുകയായിരുന്ന മൂന്നുപേരെ കണ്ടെത്തി.
രാജസ്ഥാന് സ്വദേശികളായ മണിബാല്‍, ആര്.മനീഷ്(23), രമേശ് പ്രകാശ്(20) എന്നിവരെയാണ് കണ്ടെത്തിയത്. ഇവരില്‍ മണിബാല്‍ കൊല്ലപ്പെട്ടു. കര്‍ണാറാം എന്ന നാലാമന് വേണ്ടി തിരച്ചില്‍ നടക്കുകയാണ്. കൊലയാളികളില്‍ നിന്ന് രണ്ട് തോക്കുകളും പൊലീസ് കണ്ടെത്തി