ജെ.എന്‍.യു വില്‍ വൈദ്യുതി വിച്ഛേദിച്ചിട്ടും വിദ്യാര്‍ത്ഥികള്‍ വിവാദ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു; കല്ലേറ്, സംഘര്‍ഷം


JANUARY 25, 2023, 6:59 AM IST

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെക്കുറിച്ചുള്ള വിവാദ ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ച് ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍. യൂണിവേഴ്‌സിറ്റി അധികൃതരുടെ ഉത്തരവ് ലംഘിച്ചായിരുന്നു ഡോക്യുമെന്ററി പ്രദര്‍ശനം നടത്തിയത്. ഇത് തടയാന്‍ അധികൃതര്‍ ക്യാമ്പസിലെ വൈദ്യുതി വിച്ഛേദിച്ചപ്പോള്‍ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ മൊബൈല്‍ ഫോണുകളിലും ലാപ്‌ടോപ്പുകളിലും ഡോക്യുമെന്ററി കണ്ടു. ഇതിനിടെ വിദ്യാര്‍ഥികള്‍ക്ക് നേരെ കല്ലേറുണ്ടായതായി ആരോപണം ഉയര്‍ന്നു. ഇവര്‍ പ്രതിഷേധിക്കുകയും വസന്ത് കുഞ്ച് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തു.

ജെഎന്‍യുവില്‍ രാത്രി സംഭവിച്ചത്...

തിങ്കളാഴ്ച രാത്രി 9 മണിക്ക് വിദ്യാര്‍ത്ഥി സംഘടനയുടെ ഓഫീസില്‍ വിവാദ ബിബിസി ഡോക്യുമെന്ററിയായ 'ഇന്ത്യ: മോഡി ക്വസ്റ്റ്യന്‍' പ്രദര്‍ശിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്റെ (ജെ.എന്‍.യു.എസ്.യു) പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. പിന്നാലെ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചാല്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ജെ.എന്‍.യു അധികൃതരും അറിയിച്ചു.

എന്നാല്‍ ഇത് തള്ളിയ വിദ്യാര്‍ത്ഥികള്‍ നിശ്ചയിച്ച സമയത്ത് സ്‌ക്രീനിംഗുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചു. തുടര്‍ന്ന് പ്രദര്‍ശനം തടയുന്നതിനായി ജെ.എന്‍.യു അധികൃതര്‍ രാത്രി 8.30 ഓടെ കാമ്പസിലെ വൈദ്യുതി വിച്ഛേദിച്ചു. ഇതിന് പിന്നാലെ  ജെ.എന്‍.യു.എസ്.യു ഡോക്യുമെന്ററിയുടെ ലിങ്കുകള്‍ വിദ്യാര്‍ത്ഥികളുമായി പങ്കിട്ടു. ഇതോടെ ഓരോരുത്തരും അവരുടെ മൊബൈല്‍ ഫോണുകളിലും ലാപ്‌ടോപ്പുകളിലും ഡോക്യുമെന്ററി കണ്ട് പ്രതിഷേധത്തിന്റെ ഭാഗമായി.


തങ്ങള്‍ ഫോണില്‍ ഡോക്യുമെന്ററി കാണുന്നതിനിടെയാണ് കല്ലേറുണ്ടായതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. എന്നാല്‍, കാമ്പസില്‍ വൈദ്യുതി ഇല്ലാത്തതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ കല്ലെറിഞ്ഞവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

കല്ലേറിന് പിന്നില്‍ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത് (എബിവിപി) ആണെന്ന് സ്റ്റുഡന്റ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എസ്എഫ്ഐ) ആരോപിച്ചു. ആക്രമണങ്ങള്‍ക്കിടയിലും വിദ്യാര്‍ത്ഥികള്‍ ഡോക്യുമെന്ററി കാണുന്നത് തുടര്‍ന്നുവെന്നും ഇവര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

ഡല്‍ഹി പൊലീസ് ഇടപെട്ടില്ലെങ്കില്‍ വിദ്യാര്‍ഥികള്‍ സര്‍വകലാശാല ഗേറ്റുകള്‍ ഉപരോധിക്കുമെന്ന് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് പറഞ്ഞു. കാമ്പസില്‍ വൈദ്യുതിയില്ലാതെ വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലിലേക്ക് മടങ്ങുന്നത് സുരക്ഷിതമല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സര്‍വ്വകലാശാലയ്ക്കുള്ളിലെ ഏതെങ്കിലും വിദ്യാര്‍ത്ഥി ഗ്രൂപ്പുകളില്‍ നിന്ന് പരാതി ലഭിച്ചാല്‍ മാത്രമേ നിയമനടപടി സ്വീകരിക്കുകയുള്ളൂവെന്ന് പോലീസ് പറഞ്ഞതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ഔപചാരികമായി പരാതി നല്‍കുന്നതിനായി വസന്ത് കുഞ്ച് പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.

പരാതി നല്‍കിയതിനെ തുടര്‍ന്ന് വസന്ത് കുഞ്ച് പോലീസ് സ്റ്റേഷനില്‍ വിദ്യാര്‍ത്ഥികളുടെ സമരം അവസാനിപ്പിച്ചു. കല്ലേറില്‍ 25 അക്രമികള്‍ക്ക് പങ്കുണ്ടെന്ന് പരാതിയില്‍ പറയുന്നു. രാത്രി വൈകി പോലീസ് ക്യാമ്പസിലെത്തി. ബുധനാഴ്ച രാവിലെ ജെ.എന്‍.യു ഭരണകൂടത്തിനും വിദ്യാര്‍ഥികള്‍ പരാതി നല്‍കും

ഇതിനിടെ മണിക്കൂറുകള്‍ക്ക് ശേഷം ക്യാമ്പസിലെ വൈദ്യുതി പുനഃസ്ഥാപിച്ചു.

2002ലെ ഗുജറാത്ത് കലാപത്തോടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും അന്നത്തെ സംസ്ഥാന സര്‍ക്കാരിന്റെയും പ്രതികരണത്തെ കേന്ദ്രീകരിച്ചാണ് 'ഇന്ത്യ: ദ മോഡി ക്വസ്റ്റ്യന്‍' എന്ന ബി.ബി.സി ഡോക്യുമെന്ററി.

ബിബിസി ഡോക്യുമെന്ററി പങ്കിടുന്ന ലിങ്കുകള്‍ നീക്കം ചെയ്യാന്‍ അടുത്തിടെ കേന്ദ്രം യുട്യൂബിനോടും ട്വിറ്ററിനോടും ഉത്തരവിട്ടിരുന്നു. 'ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും തുരങ്കം വയ്ക്കുന്നതാണ് ഡോക്യുമെന്ററിയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.

Other News