തലയ്ക്കു പിന്നില്‍ രണ്ടുതവണ വെടിവെച്ചുധാബോല്‍ക്കറുടെ കൊലയാളിയുടെ കുറ്റസമ്മതം


JUNE 28, 2019, 12:49 PM IST

ന്യൂഡല്‍ഹി : 'ഞാന്‍ അയാളുടെ തലയ്ക്ക് പിന്നില്‍ രണ്ട് തവണ നിറയൊഴിച്ചു. വീണപ്പോള്‍ വീണ്ടും വെടിവെച്ചു. അതയാളുടെ വലതു കണ്ണിലാണ് കൊണ്ടത്.'
കര്‍ണാടകയിലെ യുക്തിവാദിയും ചിന്തകനുമായ നരേന്ദ്ര ധാബോല്‍ക്കര്‍ വധക്കേസില്‍ പിടിയിലായ മുഖ്യപ്രതി ശരദ് കലാസ്‌കര്‍ കര്‍ണാടക പോലീസിന് നല്‍കിയ കുറ്റസമ്മത മൊഴിയിലെ വാക്കുകളാണിത്. ആറുവര്‍ഷം മുമ്പ് രാജ്യത്തെ ഞെട്ടിച്ച കൊലപാതകത്തെക്കുറിച്ച് 14 പേജുള്ള കുറ്റസമ്മത മൊഴിയാണ് കര്‍ണാടക പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഗോവിന്ദ് പന്‍സാരെ, ഗൗരി ലങ്കേഷ് എന്നിവരെ കൊലപ്പെടുത്തിയതിലും തനിക്ക് പങ്കുള്ളതായി ശരദ് കലാസ്‌കര്‍ സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് 67കാരനായ ധാബോല്‍ക്കറെ കൊലപ്പെടുത്തിയ കേസില്‍ ശരദ് കലാസ്‌കര്‍ മഹാരാഷ്ട്ര ഭീകര വിരുദ്ധ സേനയുടെ പിടിയിലായത്.

2013 ഓഗസ്റ്റിലായിരുന്നു ധാബോല്‍ക്കറെ ഹിന്ദുത്വ തീവ്രവാദികള്‍ വെടിവെച്ചു കൊലപ്പെടുത്തിയത്. ഇതിനു പിന്നാലെ ഗോവിന്ദ് പന്‍സാരെ 2015 ഫെബ്രുവരിയില്‍ കൊല ചെയ്യപ്പെട്ടു. ഇതേ വര്‍ഷം ഓഗസ്റ്റ് മാസത്തില്‍ എംഎം കല്‍ബുര്‍ഗിയും കൊല്ലപ്പെട്ടു.

കലാസ്‌കറെ ചോദ്യം ചെയ്തതില്‍ നിന്നാണ് മറ്റ് യുക്തിവാദികളെ കൊല ചെയ്ത കേസുകളില്‍ ഇയാളുള്‍പ്പെടുന്ന സംഘത്തിനുള്ള ബന്ധം വെളിപ്പെട്ടത്. ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയതും ഇതേ സംഘമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

തന്നെ ചില വലതുപക്ഷ നേതാക്കള്‍ സമീപിച്ചെന്നും കൊലപാതകത്തിനുള്ള പരിശീലനം നല്‍കിയെന്നുമാണ് കലാസ്‌കര്‍ മൊഴി നല്‍കിയിരിക്കുന്നത്. തോക്കുപയോഗിക്കാനും ബോംബുണ്ടാക്കാനും പരിശീലനം ലഭിച്ചു. കേസിലെ പ്രധാന ഗൂഢാലോചകനായ വീരേന്ദ്ര താവ്ദെയാണ് കൊല നടത്താന്‍ ആവശ്യപ്പെട്ടത്. മരണം ഉറപ്പാക്കാന്‍ തലയ്ക്കു തന്നെ വെടി വെക്കണമെന്നായിരുന്നു നിര്‍ദ്ദേശം. വീരേന്ദ്ര താവ്ദെ നിലവില്‍ സിബിഐ കസ്റ്റഡിയിലാണുള്ളത്.

നാടന്‍ തോക്കുപയോഗിച്ചാണ് ധാബോല്‍ക്കറെ കൊന്നത്. ധാബോല്‍ക്കര്‍ പ്രഭാത സവാാരിക്കിറങ്ങിയപ്പോള്‍ ഒരു പാലത്തിനു മുകളില്‍ വെച്ചാണ് ആക്രമിച്ചത്. ആദ്യത്തെ വെടിയില്‍ ആള്‍ വീണു. രണ്ടാമത്തെ വെടി തോക്കില്‍ കുടുങ്ങി. ബുള്ളറ്റ് നീക്കം ചെയ്തതിനു ശേഷം ചോരയില്‍ കുളിച്ചു കിടക്കുന്ന ധാബോല്‍ക്കറെ വീണ്ടും വെടിവെച്ചു. ഇതിനു ശേഷം കൂടെയുണ്ടായിരുന്ന സച്ചിന്‍ ആന്ദൂരെയും വെടി വെച്ചു.

തന്നെ ഗൗരി ലങ്കേഷ് വധക്കേസില്‍ പിടിയിലായ അമോല്‍ കാലെയുമായി ബന്ധപ്പെടുത്തിയത് വീരേന്ദ്ര തവ്ദെ ആയിരുന്നെന്ന് കലാസ്‌കര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഗൗരി ലങ്കേഷിനെ കൊലപ്പെടുത്താനായി കൂടിയ നിരവധി രഹസ്യയോഗങ്ങളില്‍ പങ്കെടുത്തിരുന്നതായും കലാസ്‌കര്‍ പറഞ്ഞിട്ടുണ്ട്. 2016 ഓഗസ്റ്റില്‍ കൂടിയ യോഗത്തിലാണ് 'ഹിന്ദുമതത്തിനെതിരെ പ്രവര്‍ത്തിക്കുന്ന' ആളുകളെക്കുറിച്ച് ചര്‍ച്ച നടന്നത്. ഈ ചര്‍ച്ചയില്‍ ഗൗരി ലങ്കേഷിന്റെ പേര് ഉയര്‍ന്നുവന്നു. പിന്നീട് ഒരു വര്‍ഷം കഴിഞ്ഞ് 2017 ഓഗസ്റ്റില്‍ മറ്റൊരു യോഗം കൂടി. ഇതില്‍ ഗൗരി ലങ്കേഷിനെ കൊല ചെയ്യാനുള്ള തീരുമാനമെടുത്തു. ഉത്തരവാദിത്വങ്ങള്‍ ഓരോരുത്തര്‍ക്കും നല്‍കുകയും ചെയ്തുവെന്നും മൊഴിയിലുണ്ട്.

Other News