കര്‍ണാടകയില്‍ ഭരണമുറപ്പിച്ച് ബിജെപി; 15  ല്‍ 12 ലും വിജയത്തിലേക്ക്; കോണ്‍ഗ്രസ് പിന്നിലായി


DECEMBER 9, 2019, 12:19 PM IST

ബെംഗളുരു:  കര്‍ണാടകയില്‍ ഭരണമുറപ്പിച്ച് ബിജെപി. നിലവില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന 15 നിയമസഭാ മണ്ഡലങ്ങളില്‍ 12 ഇടത്തും ബിജെപിക്കാണ് മുന്നേറ്റം.എട്ടു സീറ്റില്‍ വിജയിച്ചു.
മുന്നില്‍ നില്‍ക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥികള്‍ കോണ്‍ഗ്രസ് വിമതരാണ്.

കഗ്വാഡ് സീറ്റില്‍ ബിജെപി സ്ഥാനാര്‍ത്ഥി ശ്രീമന്ത് ബാലാസാഹിബ് പാട്ടിലാണ് മുന്നില്‍. ഗോകാക് സീറ്റില്‍ ബിജെപി സ്ഥാനാര്‍ത്ഥി ജര്‍കിഹോലി രമേഷ് ലക്ഷ്മണ്‍ റാവുവാണ് മുന്നില്‍. വിജയനഗരയില്‍ ആനന്ദ് സിംഗും, മഹാലാക്ഷ്മി ലേഔട്ട് സീറ്റില്‍ കെ ഗോപാലയ്യയും, കൃഷ്ണരാജപേട്ടില്‍ നാരായണ ഗൗഡയും, ഹുനസുരുവില്‍ അഡ്ഗൂരു വിശ്വനാഥും മുന്നിട്ട് നില്‍ക്കുന്നു.

കൂറുമാറ്റക്കാരെ ജനങ്ങള്‍ സ്വീകരിച്ചത് അദ്ഭുതപ്പെടുത്തുന്നു: ഡി കെ ശിവകുമാര്‍

15 നിയമസഭാമണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഭരണം തുടരാന്‍ ബിജെപിക്ക് വേണ്ടത് ആറ് സീറ്റുകളാണ്. കൂറുമാറി പാര്‍ട്ടിയില്‍ എത്തിയവരാണ് ജനവിധി തേടിയത്. കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിലെ 16 എംഎല്‍എമാരെ കൂറുമാറ്റി നേടിയ ഭരണം, ഉപതെരഞ്ഞെടുപ്പില്‍ വിജയം നേടാനായില്ലെങ്കില്‍ ബിജെപിക്ക് നഷ്ടമാകും. ഡിസംബര്‍ അഞ്ചിനായിരുന്നു ഉപതെരഞ്ഞെടുപ്പ്. കോടികളെറിഞ്ഞുള്ള പ്രചരണമാണ് ഉപതെരഞ്ഞെടുപ്പില്‍ എല്ലാപാര്‍ട്ടികളും നടത്തിയത്.

കോണ്‍ഗ്രസിനായി മുന്‍ മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെയും ഡി.കെ ശിവകുമാറിന്റെയും നേതൃത്വത്തിലായിരുന്നു പ്രധാന പ്രചാരണം. കനത്ത സുരക്ഷാ സംവിധാനമാണ് ഉപതിരഞ്ഞെടുപ്പ് ഫലം വരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്.

Other News