കർണാടകയിലും ഗോവയിലും കോൺഗ്രസിന് തിരിച്ചടി


JULY 12, 2019, 10:27 AM IST

കർണാടകയിലും ഗോവയിലും കോൺഗ്രസ് എംഎൽഎമാർ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറിയതോടെ കോൺഗ്രസിന് ഇരട്ട പ്രഹരം. കർണാടകയിലെ ദൾകോൺഗ്രസ് സഖ്യ സർക്കാരിന്റെ നിലനിൽപ്പ് പരുങ്ങലിലാക്കി പത്ത് എംഎൽഎമാരാണ് രാജിവെച്ചത്. ഇവർ ബിജെപിക്ക് സർക്കാരുണ്ടാക്കാൻ പിന്തുണ നൽകുന്നതായി ഗവർണറെയും സ്പീക്കറെയും രേഖാമൂലം അറിയിച്ചെങ്കിലും സാങ്കേതികത്വം ചൂണ്ടിക്കാട്ടി സ്പീക്കർ നടപടി വൈകിപ്പിച്ചത് സുപ്രീംകോടതിയുടെ വിമർശനത്തിന് ഇടയാക്കി. വിമത എംഎൽഎമാരുടെ രാജിയിൽ വ്യാഴാഴ്ച തന്നെ തീരുമാനമെടുക്കണമെന്നാണ് സുപ്രീംകോടതിയുടെ നിർദേശിച്ചത്.

ദൾകോൺഗ്രസ് സഖ്യ സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടെന്നും മുഖ്യമന്ത്രി ഉടൻ രാജിവെക്കണമെന്നും ബിജെപിയും ആവശ്യമുന്നയിച്ചു. ഇന്നലെ മുംബൈയിൽ നിന്ന് ബെംഗളുരുവിലേക്ക് മടങ്ങിയെത്തിയ വിമത എംഎൽഎംമാർ സ്പീക്കർ രമേശ് കുമാറിനെ നേരിട്ട് കണ്ട് വീണ്ടും രാജിക്കത്തുകൾ സമർപ്പിച്ചു. എംഎൽഎമാർ നേരിട്ട് എത്തി രേഖാമൂലം അറിയിച്ചാലേ രാജി സാധുവാകൂ എന്ന് സ്പീക്കർ നിർദ്ദേശിച്ചതിനെതുടർന്നായിരുന്നു ഇത്. അതേ സമയം ആരൊക്കെയാണ് ഭരണ കക്ഷിവിട്ട് പോകുന്നതെന്ന് തനിക്ക് പറയാനാകില്ലെന്ന് സ്പീക്കർ മാധ്യമങ്ങളെ അറിയിച്ചു. 

അതേ സമയം പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ രാജി തള്ളി മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. 200910 കാലഘട്ടത്തിൽ 18 അംഗങ്ങൾ എതിരുനിന്നിട്ടും ബി.എസ്.യെഡിയൂരപ്പ രാജിവച്ചിട്ടില്ല. അതിനാൽ ഇപ്പോൾ താൻ രാജിവയ്‌ക്കേണ്ട ആവശ്യം എന്താണെന്ന് രാജിയെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് കുമാരസ്വാമി പറഞ്ഞു. കോൺഗ്രസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഉടൻ രാജിവയ്ക്കുന്നില്ലെന്ന തീരുമാനം കുമാരസ്വാമി കൈക്കൊണ്ടത്. ഈ മാസം 15 വരെ രാജി പ്രഖ്യാപനം ഉണ്ടാവില്ലയെന്നാണ് സൂചന.

എംഎൽഎമാരുടെ രാജിയിൽ വ്യാഴാഴ്ച തന്നെ തീരുമാനമെടുക്കണമെന്ന ഉത്തരവിനെതിരെ സ്പീക്കർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എം.എൽഎമാരുടെ രാജി സ്വന്തം നിലയിലാണോ സമ്മർദങ്ങൾക്ക് വഴങ്ങിയാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും സ്പീക്കർ വ്യക്തമാക്കി. എന്നാൽ അടിയന്തരമായി അപേക്ഷ പരിഗണിക്കണമെന്ന സ്പീക്കറുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. വെള്ളിയാഴ്ച എം.എൽ.എമാരുടെ അപേക്ഷക്കൊപ്പം സ്പീക്കറുടെ അപേക്ഷയും അംഗീകരിക്കാമെന്നായിരുന്നു കോടതിയുടെ നിലപാട്.

കോൺഗ്രസ് പ്രതിസന്ധിയിലായിരിക്കെ ഇരട്ട പ്രഹരമായി ഗോവയിലും പത്ത് കോൺഗ്രസ് എംഎൽഎ പേർ മറുകണ്ടം ചാടി. തങ്ങളെ ബിജെപിയിൽ ചേരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എംഎൽഎമാർ സ്പീക്കർക്ക് കത്ത് നൽകിയിട്ടുണ്ട്. 40 അംഗ നിയമസഭയിൽ കോൺഗ്രസിന് 15 എംഎൽഎമാർ ഉണ്ടായിരുന്നു. പത്ത് എംഎൽഎമാർ പാർട്ടി വിടുന്നതോടെ അംഗസഖ്യ അഞ്ചാകും. പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവ്‌ലേക്കർ അടക്കമാണ് ബിജെപിയിലേക്ക് പോകാൻ തീരുമാനിച്ചിരിക്കുന്നത്.

നിയമസഭ ഡപ്യൂട്ടി സ്പീക്കർ മൈക്കിൾ ലോബോ എംഎൽഎമാരുടെ രാജി വാർത്ത സ്ഥിരീകരിച്ചു. രാജിവച്ച എംഎൽഎമാർ ബിജെപി അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. 

ഗോവ നിയമസഭയിൽ ബിജെപിയാണ് നിലവിലെ ഏറ്റവും വലിയ ഒറ്റകക്ഷി. 17 എംഎൽഎമാരാണ് ബിജെപിക്കുള്ളത്. കോൺഗ്രസിന് 15 എംഎൽഎമാർ ഉണ്ടായിരുന്നു. ഇപ്പോൾ അത് അഞ്ചായി ചുരുങ്ങി. എൻസിപിക്ക് രണ്ട്, എംജിപി 1, ജിഎഫ്പി 3 എന്നിങ്ങനെയാണ് മറ്റ് പാർട്ടികളുടെ അംഗബലം. ബിജെപി കുതിരക്കച്ചവടമാണ് നടത്തുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു.

Other News