കര്‍ണാടക സ്പീക്കര്‍ക്കെതിരെ വിമത എംഎല്‍എമാര്‍ സുപ്രീം കോടതിയെ സമീപിച്ചു


JULY 10, 2019, 2:06 PM IST

ന്യൂഡല്‍ഹി:  രാജി സ്വീകരിക്കാത്ത നടപടി ഭരണഘടനാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കര്‍ണാടക സ്പീക്കര്‍ക്കെതിരെ വിമത എംഎല്‍എമാര്‍ സുപ്രീം കോടതിയെ സമീപിച്ചു.  ഹര്‍ജി സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിക്കും. ഭരണപക്ഷത്ത് നിന്നും രാജിവച്ച 13 എംഎല്‍എമാരില്‍ എട്ട് പേരുടെ രാജി നിയമപ്രകാരമല്ലെന്ന് കര്‍ണാടക സ്പീക്കര്‍ കെ.ആര്‍ രമേഷ് കുമാര്‍ ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു.രാജിവയ്ക്കുന്നവര്‍ നേരിട്ടെത്തണമെന്നായിരുന്നു സ്പീക്കറുടെ നിലപാട്. ഇതിനെതിരെയാണ് വിമത എംഎല്‍എമാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. പത്ത് വിമത എംഎല്‍എമാരാണ് സുപ്രീംകോടതിയെ സമീപിച്ചത്. മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് മുന്നില്‍ വിഷയം അവതരിപ്പിച്ചു.

രാജി വൈകിപ്പിക്കാനാണ് സ്പീക്കറുടെ ശ്രമം. അടിയന്തരമായി വിഷയം പരിഗണിക്കണമെന്നും മുകുള്‍ റോത്തഗി ആവശ്യപ്പെട്ടു. വിഷയം നാളെ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് ഉറപ്പുനല്‍കി. രാജിവയ്ക്കാനുണ്ടായ സാഹചര്യവും വിമത എംഎല്‍എമാര്‍ ഹര്‍ജിയില്‍ വ്യക്തമാക്കി.

Other News