ഗ്രാമസന്ദര്‍ശനത്തിനായി കര്‍ണ്ണാടക മുഖ്യമന്ത്രിയെത്തിയെത് കെ.എസ്.ആര്‍.ടി.സിയില്‍, കിടന്നുറങ്ങിയത് സര്‍ക്കാര്‍ സ്‌ക്കൂളിലെ വെറും നിലത്ത്, ചെലവ് പക്ഷെ ഒരുകോടി!


JUNE 24, 2019, 5:44 PM IST


ബെംഗളൂരു: തന്റെ ഗ്രാമവാസ്തവ്യ പരിപാടിയുടെ ഭാഗമായി ചന്ദര്‍കി ഗ്രാമം സന്ദര്‍ശിക്കാന്‍ കര്‍ണ്ണാടക മുഖ്യമന്ത്രി കുമാരസ്വാമി എത്തിയത് കെ.എസ്.ആര്‍.ടി.സി ബസ്സില്‍. കിടന്നുറങ്ങിയതാകട്ടെ  സര്‍ക്കാര്‍ സ്‌ക്കൂളിലെ വെറും നിലത്ത് പായവിരിച്ചും. എന്നാല്‍ മുഖ്യമന്ത്രിയുടെ ഈ യാത്രയ്ക്ക് ചെലവായത് ഒരുകോടിരൂപയാണെന്ന് വാര്‍ത്തവന്നതോടെ സംഭവം പ്രഹസനമാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. നേരത്തെ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കുമാരസ്വാമി തന്നെ ആരംഭിച്ച ഗ്രാമവാസ്തവ്യ ഇപ്പോള്‍ തുടരുന്നതിന്റെ ഭാഗമായാണ് അദ്ദേഹം ചന്ദര്‍കിയിലെത്തിയത്.

25 ലക്ഷം രൂപ അദ്ദേഹത്തിന്റെയും പരിവാരത്തിന്റെയും ഭക്ഷണത്തിന് മാത്രം ചിലവായി എന്നാണ് കണക്ക്.. യാദ്ഗിര്‍ ജില്ലയിലെ വിവിധ ഭാഗത്ത് നിന്നുള്ളവരുണ്ടായിരുന്നു ഗ്രാമസന്ദര്‍ശനത്തില്‍ പങ്കാളികളായത്. 25000 പേര്‍ക്ക് വേണ്ടി ഭക്ഷണം ഒരുക്കി എന്ന് പറയുമ്പോഴും കഴിക്കാന്‍ 15,000 പേരെ ഉണ്ടായിരുന്നുള്ളൂ. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും മറ്റുദ്യോഗസ്ഥര്‍ക്കുമായി അത്താഴം ഒരുക്കിയിരുന്നു. പ്രഭാത ഭക്ഷണ ചിലവും ഈ 25 ലക്ഷത്തില്‍ ഉള്‍പ്പെടും. 

ജനങ്ങളുടെ നിവേദനങ്ങളും മറ്റും സ്വീകരിക്കുന്നതിനായി താത്ക്കാലിക ഓഫീസ് തയ്യാറാക്കാനാണ് 25 ലക്ഷം രൂപ വേറെ ചിലവായത്. സ്‌റ്റേജിനും അതുമായി ബന്ധപ്പെട്ട സംവിധാനങ്ങള്‍ക്കുമാണ് 50 ലക്ഷം രൂപ ചിലവായത്. 

ജനതാ ദര്‍ശന്‍ യാത്രയില്‍ കുമാരസ്വാമി 4000 ആളുകളെ കണ്ടിരുന്നു. ഇതുകൂടാതെ ഓണ്‍ലൈന്‍ ആയി നിവേദനങ്ങള്‍ നല്‍കിയവര്‍ 18,000ത്തോളം വരും.


Other News