കര്‍ണാടകയില്‍ ദള്‍-കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നില വീണ്ടും വഷളായി; ഒരുമന്ത്രി കൂടി രാജിവെച്ചു


JULY 8, 2019, 4:08 PM IST

ബെംഗളുരു:  വിമത ഭീഷണിയും എംഎല്‍എമാരുടെ രാജിയും മൂലം അടിതെറ്റാന്‍ തുടങ്ങിയ കര്‍ണാടകയിലെ കോണ്‍ഗ്രസ്-ദള്‍ സഖ്യസര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി ഒരു മന്ത്രി കൂടി രാജിവെച്ചു.

സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതായി മന്ത്രിയും സ്വതന്ത്ര എംഎല്‍എയുമായ നാഗേഷാണ് മാധ്യമങ്ങളെ അറിയിച്ചത്. ബിജെപിയെ പിന്തുണയ്ക്കാനാണ് രാജിവെച്ചതെന്നും നാഗേഷ് പറഞ്ഞു.

കൂടുതല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിക്കൊരുങ്ങുന്നതായും സൂചനയുണ്ട്. രാജി പ്രവാഹം തടയുന്നതിന്  നിലവിലെ മന്ത്രിമാരെയെല്ലാം രാജി വയ്പ്പിച്ച് വിമത എംഎല്‍എമാര്‍ക്ക് മന്ത്രിസ്ഥാനം നല്‍കാനാണ് കോണ്‍ഗ്രസ്  ശ്രമം.

സര്‍ക്കാരിനെ നിലനിര്‍ത്താന്‍ എന്തും ചെയ്യുമെന്നും സ്ഥാനമൊഴിയാന്‍ താനടക്കമുള്ള എല്ലാ മന്ത്രിമാരും തയ്യാറാണെന്നും ഉപമുഖ്യമന്ത്രി ജി.പരമേശ്വര വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് മന്ത്രിമാരുടെ അടിയന്തരയോഗം തിങ്കളാഴ്ച ഉപമുഖ്യമന്ത്രിയുടെ വസതിയില്‍ നടന്നിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും യോഗത്തില്‍ പങ്കെടുത്തു. അതേ സമയം മന്ത്രിമാരെയെല്ലാം രാജി വയ്പ്പിച്ച് വിമത എംഎല്‍എമാര്‍ക്ക് മന്ത്രിസ്ഥാനം കൊടുക്കാനുള്ള നീക്കത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുള്ളതായാണ് വിവരം.

കര്‍ണാടകയില്‍ കഴിഞ്ഞ ദിവസം രാജിവച്ച 13 ഭരണകക്ഷി എംഎല്‍എമാരില്‍ 10 പേരെ മുംബൈയിലെ ഹോട്ടലിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസിന്റെ 10 എംഎല്‍എമാരും ജെഡിഎസിന്റെ 3 എംഎല്‍എമാരുമാണ് കഴിഞ്ഞ ദിവസം രാജിക്കത്ത് നല്‍കിയത്.

വിമത എംഎല്‍എമാരെ അനുനയിപ്പിക്കുന്നതിനായി മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയും നീക്കങ്ങള്‍ നടത്തുന്നുണ്ട്.വിമതപക്ഷത്തുള്ള കോണ്‍ഗ്രസ് എംഎല്‍എ രാമലിംഗ റെഡ്ഡിയുമായി കുമാരസ്വാമി രഹസ്യകേന്ദ്രത്തിലെത്തി ചര്‍ച്ച നടത്തിയതായാണ് വിവരം.

സ്വന്തം പാളയത്തില്‍ നിന്നും എംഎല്‍എമാര്‍ മറുപക്ഷത്തേക്ക് ചാടാതിരിക്കുന്നതിനും ജെഡിഎസ് ജാഗ്രത പുലര്‍ത്തുന്നുണ്ട്. എല്ലാ എംഎല്‍എമാരോടും ബംഗളുരുവിലെ താജ് ഹോട്ടലിലെത്തണമെന്ന് ജെഡിഎസ് നിര്‍ദേശം നല്‍കി

Other News