കര്‍ണാടക അട്ടിമറിശ്രമം: പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം


JULY 10, 2019, 2:20 PM IST

ന്യൂഡല്‍ഹി:  കര്‍ണാടകയിലെ ജനാധിപത്യ അട്ടിമറി ശ്രമങ്ങള്‍ക്കെതിരെ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബുധനാഴ്ചയും പ്രതിപക്ഷ പ്രതിഷേധം നടന്നു.

തുടര്‍ച്ചയായി തടസ്സപ്പെട്ട രാജ്യസഭ രണ്ട് മണി വരെ നിര്‍ത്തിവെച്ചു. രാജ്യത്തെ ജനാധിപത്യ സര്‍ക്കാറുകളെ അസ്ഥിരപ്പെടുത്തുന്നത് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ,ഡി.എം.കെ ,സി.പി.എം ,സി.പി.ഐ എന്നീ പാര്‍ട്ടികള്‍ രാജ്യസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു.

ചോദ്യോത്തര സെഷന്‍ കഴിയാതെ നോട്ടീസ് പരിഗണിക്കാനാവില്ലെന്ന് അധ്യക്ഷന്‍ നിലപാടെടുത്തതോടെയാണ് പ്രതിപക്ഷം സഭയില്‍ ബഹളം വെച്ചത്.

ജനാധിപത്യ സര്‍ക്കാറുകളെ താഴെയിറക്കാന്‍ ദേശീയ തലത്തില്‍ ഗൂഢാലോചന നടത്തുന്നുവെന്ന് ആരോപിച്ച് ലോക്‌സഭയില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി.