കര്‍ണാടകയില്‍ യെദിയൂരപ്പ വിശ്വാസ വോട്ട് നേടി; സ്പീക്കര്‍ രാജിവെച്ചു


JULY 29, 2019, 1:48 PM IST

ബെംഗളൂരു:  കര്‍ണാടകയില്‍ ബിഎസ് യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ വിശ്വാസ വോട്ട നേടി.    ശബ്ദവോട്ടോടെയാണ് യെദിയൂരപ്പ ഭൂരിപക്ഷം തെളിയിച്ചത്. തലയെണ്ണേണ്ടെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ശബ്ദവോട്ട്. വിശ്വാസവോട്ടിനു പിന്നാലെ സ്പീക്കര്‍ കെ.ആര്‍. രമേഷ് കുമാര്‍ രാജിവച്ചു. വെള്ളിയാഴ്ചയാണ് യെഡിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

രാഷ്ട്രീയത്തിലെ പ്രതികാരപ്രവര്‍ത്തനങ്ങളില്‍ താന്‍ ഏര്‍പ്പെടുന്നില്ലെന്ന് യെഡിയൂരപ്പ പറഞ്ഞു. മറക്കണം, ക്ഷമിക്കണം. ജനങ്ങളുടെ ആശീര്‍വാദത്തോടെയാണ് താന്‍ മുഖ്യമന്ത്രിയായത്. സംസ്ഥാനം കടുത്ത വരള്‍ച്ച നേരിടുകയാണ്. അതിനെ നമുക്കൊരുമിച്ച് മറികടക്കണം. കര്‍ഷകര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കണം. എല്ലാവരുടെയും സഹകരണം അഭ്യര്‍ഥിക്കുന്നുവെന്നും യെഡിയൂരപ്പ സഭയില്‍ പറഞ്ഞു. അതേ സമയം ജനവിധിയെ അട്ടിമറിച്ചാണ് യെദിയൂരപ്പ സര്‍ക്കാര്‍രൂപീകരിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ പറഞ്ഞു.

17 വിമത എംഎല്‍മാര്‍ അയോഗ്യരായതോടെ 224 അംഗ നിയമസഭയുടെ അംഗബലം 207 ആയി ചുരുങ്ങിയിരുന്നു. വിശ്വാസം തെളിയാക്കാന്‍ ബിജെപിക്കു വേണ്ടത് 104 എംഎല്‍എമാരുടെ പിന്തുണയാണ്. ഒരു സ്വതന്ത്രന്റെ സഹായത്തോടെ 106 പേരാണ് ഇപ്പോള്‍ ബിജെപിയെ പിന്തുണയ്ക്കുന്നത്. നോമിനേറ്റഡ് അംഗം ഉള്‍പ്പെടെ കോണ്‍ഗ്രസ് ദള്‍ പക്ഷത്തുള്ളത് 99 പേരും.

Other News