ജമ്മു കശ്മീര്‍ വിഭജന ബില്‍ ഇന്ന് ലോക് സഭ പരിഗണിക്കും


AUGUST 6, 2019, 11:39 AM IST

ന്യൂഡല്‍ഹി:   സംസ്ഥാനത്തിന് പ്രത്യേക പദവി കല്പിയ്ക്കുന്ന 370 ആം വകുപ്പിന്റെ ആനുകൂല്യം നഷ്ടമായ ജമ്മു-കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശമായ് പുന: ക്രമീകരിക്കുന്ന ബില്‍ ലോകസഭ ഇന്ന് പരിഗണിയ്ക്കും. രാജ്യസഭ ഇന്നലെ പാസാക്കിയ ബില്ലാണ് ജമ്മുകാശ്മീര്‍ സംവരണ ഭേഭഗതി ബില്ലിന് ഒപ്പം ഇന്ന് ലോകസഭയില്‍ എത്തുക. സുപ്രധാനമായ ഉപഭോക്ത്യ ഭേഭഗതി ബില്‍ ആണ് രാജ്യസഭയുടെ ഇന്നത്തെ നിയമ നിര്‍മ്മാണ അജണ്ട.

ജമ്മുകാശ്മീര്‍ സംസ്ഥാനത്തെ ജമ്മുകാശ്മീര്‍ എന്നും ലഡാക്ക് എന്നും രണ്ട് കേന്ദ്ര ഭരണപ്രദേശമായ് പുനക്രമീകരിക്കുന്ന ബില്‍ ആഭ്യന്തരമന്ത്രി അമിത്ഷാ ആണ് അവതരിപ്പിയ്ക്കുക. ഇന്നലെ രാജ്യസഭ കടമ്പകടന്ന ബില്ലിന് ലോകസഭയില്‍ വലിയ പ്രതിബന്ധങ്ങള്‍ ഉണ്ടാകില്ല. ജമ്മു-കശ്മീര്‍ സംവരണ രണ്ടാം ഭേതഗതി ബില്ലിന് ഒപ്പം ബില്‍ ലോക്‌സഭ പരിഗണിയ്ക്കും. രാജ്യസഭയിലേതിന് സമാനമായ് ബില്‍ അവതരണം സുഗമമാക്കാന്‍ ചോദ്യോത്തര വേളയും ശൂന്യ വേളയും ഇന്നത്തെ അജണ്ട യില്‍ നിന്ന് സ്പീക്കര്‍ ഒഴിവാക്കിയിട്ടുണ്ട്.

370 ആം വകുപ്പ് പിന്‍വലി്ക്കുന്ന രാഷ്ട്രപതിയുടെ ഉത്തരവ് സ്വീകരിക്കുന്നു എന്ന പ്രമേയമാകും ആദ്യം അവതരിപ്പിക്കുക. തുടര്‍ന്ന് ജമ്മു-കശ്മീര്‍ ബില്ലുകള്‍ ചര്‍ച്ച ചെയ്യും. വൈകിട്ടോടെ ചര്‍ച്ചയും ആവശ്യമെങ്കില്‍ വോട്ടെടുപ്പും പൂര്‍ത്തിയ്ക്കുന്ന വിധത്തിലാണ് നടപടികള്‍ ക്രമികരിച്ചിട്ടുള്ളത്. ആഭ്യന്തരമന്ത്രി അമിത്ഷാ ചര്‍ച്ചകള്‍ ഉപസംഹരിച്ച് മറുപടി പറയും. ബി.എസ്.പി അടക്കമുള്ള പ്രതിപക്ഷ നിരയിലെ പാര്‍ട്ടികള്‍ ലോകസഭയിലും ബില്ലിനെ പിന്തുണച്ച് വോട്ട് ചെയ്യും എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്ത് നിലവിലുള്ള ഉപഭോക്ത്യ അവകാശ സംരക്ഷണ നിയമത്തെ കാതലായ് പരിഷ്‌ക്കരിക്കുന്ന ഉപഭോക്ത്യ സംരക്ഷണ ബില്ലും ഇന്ന് രാജ്യസഭയുടെ പരിഗണനയ്ക്ക് എത്തും. കണ്‍സ്യൂമര്‍ ഫോറങ്ങളെ സിവില്‍ കോടതിയുടെ അധികാരങ്ങള്‍ക്ക് തുല്യമായ നിലയിലേക്ക് ഉയര്‍ത്തുന്ന ബില്ലാണ് രാജ്യസഭ പരിഗണിക്കുക. തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പരസ്യങ്ങള്‍ നിയന്ത്രിക്കുക എന്നത് ഭേതഗതി ബില്ലിലെ സുപ്രധാന നിര്‍ദ്ദേശമാണ്. ജില്ലാ ഫോറങ്ങള്‍ മുതലുള്ള കണ്‍സ്യൂമര്‍ ഫോറത്തിന്റെ നിയമന അവകാശം ബില്ലിലെ നിര്‍ദ്ദേശം അനുസരിച്ച് സംസ്ഥാന സര്‍ക്കാരില്‍ നിന്നും കേന്ദ്രസര്‍ക്കാരിലേക്ക് മാറും. നേരത്തെ ലോകസഭ പാസാക്കിയ ബില്ലാണ് രാജ്യസഭ ഇന്ന് പരിഗണിയ്ക്കുന്നത്.

Other News