കാശ്മീര്‍ സമാധാനപരം, പോലീസ് ജാഗ്രത തുടരുന്നു


AUGUST 6, 2019, 7:08 PM IST

ശ്രീനഗര്‍: ആര്‍ട്ടിക്കിള്‍ 370 ല്‍ ഭേദഗതി വരുത്തി ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് ഒരു ദിവസം പിന്നിടുമ്പോള്‍ സംസ്ഥാനം സമാധാനപരം. തങ്ങള്‍ പൂര്‍ണ്ണ ജാഗ്രതയിലാണെന്നും സംസ്ഥാനത്ത് ഇതുവരെ ഒരു അക്രമസംഭവം പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ലെന്നു ഇത് സംബന്ധിച്ച് ജമ്മു ഡിജിപി ദില്‍ബാഗ് സിംഗ് പ്രസ്താവനയിറക്കി.വടക്കന്‍ കാശ്മീരില്‍ പ്രശ്‌നങ്ങളുണ്ടെന്ന സോഷ്യല്‍ മീഡിയ പ്രചരണവും അദ്ദേഹം തള്ളികളഞ്ഞു.

ചരിത്രപരമായ നടപടിയിലൂടെ മോഡി സര്‍ക്കാര്‍ തിങ്കളാഴ്ച കാശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞിരുന്നു. ആര്‍ട്ടിക്കിള്‍ 370 ല്‍ ഭേദഗതി വരുത്തിയായിരുന്നു ഇത്. തുടര്‍ന്ന് ജമ്മുകാശ്മീരിനെ ജമ്മുകാശ്മീരെന്നും ലഡാക്കെന്നും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളാക്കി വിഭജിക്കാനും തീരുമാനം കൈകൊണ്ടു. തീരുമാനം കാശ്മീരിലെ വിഘടനവാദികളെ പ്രകോപിതരാക്കും എന്നതിനാല്‍ വലിയതോതിലുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയായിരുന്നു കേന്ദ്രസര്‍ക്കാര്‍ ഭേദഗതി രാജ്യസഭയില്‍ അവതരിപ്പിച്ചത്. ഇതിന്റെ ഭാഗമായി ജമ്മുകാശ്മീരിലെ പാര്‍ട്ടി നേതാക്കളെ വീട്ടുതടങ്കലിലാക്കുകയും വന്‍തോതില്‍ സൈനിക വിന്യാസം നടത്തുകയും ചെയ്തു. ജമ്മുപോലീസും സൈന്യവും കനത്ത ജാഗ്രതിയില്‍ നില്‍ക്കവേയാണ് അമിത് ഷാ ഭേദഗതി അവതരിപ്പിച്ച് നിയമമാക്കിയത്.

 ആര്‍ട്ടിക്കിള്‍ 370 ല്‍ മാറ്റം വരുത്താന്‍ സംസ്ഥാനസര്‍ക്കാരിന്റെ അനുമതിയോടെ രാഷ്ട്രപതിയ്ക്ക് സാധിക്കും. സംസ്ഥാനത്ത് സര്‍ക്കാരില്ലാതിരിക്കുകയും ഭരണം ഗവര്‍ണ്ണറുടെ പക്കലാവുകയും ചെയ്ത അവസരം തങ്ങളുടെ ദീര്‍ഘകാല അജണ്ട നടപ്പിലാക്കാനായി ബിജെപി വിനിയോഗിച്ചു എന്നുവേണം പറയാന്‍. സര്‍ക്കാരില്ലാത്തതിനാല്‍ അവര്‍ക്ക് കാര്യങ്ങള്‍ വളരെ എളുപ്പമായി. രാജ്യസഭയില്‍ ഭേദഗതി അവതരിപ്പിച്ചയുടന്‍ രാഷ്ട്രപതി അംഗീകരിച്ച് ഒപ്പുവയ്ക്കുകയും ചെയ്തു.

എല്ലാ തെരഞ്ഞെടുപ്പുകളിലും പ്രകടനപത്രികയില്‍ ബി.ജെ.പി ഉള്‍പ്പെടുത്തുന്ന കാര്യമാണ് കാശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിക്കലും കാശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസവും. ആര്‍ഷ അഖണ്ഡഭാരതമെന്ന തങ്ങളുടെ അജണ്ടയിലേയ്ക്കുള്ള പ്രധാന തടസ്സമായ കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയണമെന്നാവശ്യപ്പെട്ട്് നിരവധി പ്രക്ഷോഭങ്ങള്‍ ആര്‍.എസ്.എസ് സംഘടിപ്പിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ഒരു പ്രക്ഷോഭത്തില്‍ പങ്കെടുത്ത് ജയിലിലായിരിക്കെയാണ് ജനസംഘ് സ്ഥാപകനായ ശ്യാമപ്രസാദ് മുഖര്‍ജി മരിക്കുന്നത്. പിന്നീട് വാജ്‌പേയ് സര്‍ക്കാറിന്റെ കാലത്ത് 370 ല്‍ ഭേദഗതി വരുത്താന്‍ ശ്രമമുണ്ടായെങ്കിലും പ്രാവര്‍ത്തികമായില്ല. ഇപ്പോള്‍ കശ്മീര്‍ ഭരണം ഗവര്‍ണ്ണറുടേതെന്ന പേരില്‍ തങ്ങളുടെ പക്കലിരിക്കുന്ന  അവസരം ബി.ജെ.പി ശരിക്കും ഉപയോഗപ്പെടുത്തുകയായിരുന്നു.

കാര്യമെന്തായാലും സൈന്യവും പോലീസും കടുത്ത ജാഗ്രതയിലാണ്. കാരണം കേന്ദ്രത്തിന്റെ നീക്കം രാജ്യത്തെ വിഘടനവാദികളെ വലിയ തോതില്‍ പ്രകോപിപ്പിച്ചിട്ടുണ്ട് എന്നതുതന്നെ.

Other News