കശ്മീര്‍ സാധാരണ നിലയിലേക്ക്; സ്‌കൂളുകളില്‍ അധ്യയനം ആരംഭിച്ചു


AUGUST 19, 2019, 10:33 AM IST

ശ്രീനഗര്‍:പ്രത്യേക പദവി പിന്‍വലിച്ചതിനെതുടര്‍ന്ന് അനിഷ്ടസംഭവങ്ങള്‍ തടയുന്നതിന്റെ ഭാഗമായി കശ്മീരില്‍ താല്‍ക്കാലികമായി അടച്ചിട്ട സ്‌കൂളുകളില്‍ തിങ്കളാഴ്ച മുതല്‍ അധ്യയനം ആരംഭിച്ചു. മേഖലയിലെ 190 പ്രൈമറി സ്‌കൂളുകള്‍ ഇന്ന് (ആഗസ്റ്റ്  19 ) തുറക്കുമെന്ന് ശ്രീനഗര്‍ ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു. പ്ലാനിങ് ആന്‍ഡ് ഡെവലപ്‌മെന്റ് സെക്രട്ടറി രോഹിത് കന്‍സാലാണ് സ്‌കൂളുകള്‍ തുറക്കുന്ന കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

കഴിഞ്ഞദിവസം, 50 പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ കൂടി നിരോധനാജ്ഞയ്ക്ക് ഇളവ് ഏര്‍പ്പെടുത്തിയെന്നും രോഹിത് കന്‍സാല്‍ അറിയിച്ചു. എട്ടു മണിക്കൂറാണ് നിരോധനാജ്ഞയ്ക്ക് ഇളവ് അനുവദിച്ചിരിക്കുന്നത്. താഴ്വരയിലെ ജനജീവിതം സാധാരണഗതിയിലേക്ക് പതിയെ മാറുന്നുണ്ടെന്നും കന്‍സാല്‍ പറഞ്ഞു.

അതേസമയം, ജമ്മു കശ്മീര്‍ താഴ് വരയിലെ പത്തോളം ടെലഫോണ്‍ എക്‌സചേഞ്ചുകള്‍ പ്രവര്‍ത്തനസജ്ജമാക്കി. ശനിയാഴ്ച 17 ഓളം കേന്ദ്രങ്ങളില്‍ സര്‍വീസ് സജ്ജമാക്കിയിരുന്നു. ലാന്‍ഡ് ലൈന്‍ ഫോണുകളില്‍ ഒന്നില്‍ നിന്ന് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നെന്ന് മനസിലായതിനെ തുടര്‍ന്ന് പ്രവര്‍ത്തന സജ്ജമാക്കിയ 17 എക്‌സ്‌ചേഞ്ചുകളില്‍ ഒന്ന് അടച്ചു.ഞായറാഴ്ച ദാല്‍ തടാകം, സിവില്‍ സെക്രട്ടേറിയറ്റ്, ശ്രീനഗര്‍ ജില്ലയിലെ നിഷത്, ഉത്തര കശ്മീരിലെ പഠാന്‍, ബോണിയാര്‍, ബാരാമുള്ള, ബഡ്ഗം ജില്ലയിലെ ചഡൂര, ചാര്‍-ഇ-ഷരിഫ്, തെക്കന്‍ കശ്മീരിലെ അയിഷ്മുഖം എന്നിവിടങ്ങളിലെ എക്‌സ്‌ചേഞ്ചുകളിലാണ് ഞായറാഴ്ച തുറന്നത്.

Other News