കത്വ കൂട്ടമാനഭംഗക്കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ മൂന്നു പ്രതികള്‍ക്കു മരണം വരെ തടവുശിക്ഷ


JUNE 11, 2019, 2:04 PM IST

പത്താന്‍കോട്ട്(പഞ്ചാബ്): രാജ്യമനഃസാക്ഷിയെ നടുക്കിയ കത്വ കൂട്ടമാനഭംഗക്കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ മൂന്നു പ്രതികള്‍ക്കു മരണംവരെ തടവുശിക്ഷ.

പ്രതികള്‍ ഒരുലക്ഷം രൂപ വീതം പിഴയൊടുക്കണമെന്നും പഞ്ചാബിലെ പത്താന്‍കോട്ട് ഡിസ്ട്രിക് ആന്‍ഡ് സെഷന്‍സ് കോടതി ഉത്തരവിട്ടു. മറ്റു മൂന്നു പ്രതികള്‍ക്ക് അഞ്ചു വര്‍ഷത്തെ തടവും അമ്പതിനായിരം രൂപ പിഴയും വിധിച്ചു. സംശയത്തിന്റെ ആനുകൂല്യം നല്‍കി ഒരു പ്രതിയെ വിട്ടയച്ചു. ജമ്മു കാഷ്മീരിലെ കഠുവയില്‍ 2018 ജനുവരി പത്തിനു കാണാതായ ബക്കര്‍വാല്‍ നാടോടി കുടുംബത്തിലെ എട്ടുവയസുകാരിയായ പെണ്‍കുട്ടിയുടെ മൃതദേഹം ഏഴു ദിവസത്തിനു ശേഷമാണു കണ്ടെത്തിയത്.

ബാലികയെ തട്ടിക്കൊണ്ടുപോയി മയക്കുമരുന്നു നല്‍കിയശേഷം പ്രതികള്‍ കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നു. പെണ്‍കുട്ടിയെ തടങ്കലില്‍ പാര്‍പ്പിച്ച ക്ഷേത്രത്തിന്റെ നടത്തിപ്പുകാരനായ സാഞ്ജി റാം, പര്‍വേഷ്‌കുമാര്‍, സ്‌പെഷല്‍ പോലീസ് ഓഫീസര്‍ ദീപക് ഖജൂരിയ എന്നിവര്‍ക്കാണു ജീവപര്യന്തം ശിക്ഷ. പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ആനന്ദ് ദത്ത, സ്‌പെഷല്‍ പോലീസ് ഓഫീസര്‍ സുരേന്ദര്‍ വര്‍മ, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ് എന്നിവര്‍ക്കാണ് അഞ്ചുവര്‍ഷം തടവ്. സാഞ്ജി റാമിന്റെ മകന്‍ വിശാല്‍ ജന്‍ഗോത്രയെയാണു തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടത്. സാഞ്ജി റാമില്‍നിന്നു നാലു ലക്ഷം രൂപ കൈക്കൂലി വാങ്ങി കേസിലെ തെളിവുകള്‍ നശിപ്പിച്ചു എന്നതാണു പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള കുറ്റം.

സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്നാണു കേസിന്റെ വിചാരണ പത്താന്‍കോട്ടിലേക്കു മാറ്റിയത്. വിചാരണ വേഗത്തിലാക്കാനും പരമോന്നത കോടതി നിര്‍ദേശിച്ചിരുന്നു.

Other News