കേരളത്തിലേക്ക് ബംഗ്ലാദേശി ഭീകര സംഘടനകള്‍ നുഴഞ്ഞുകയറുന്നുവെന്ന് എന്‍ഐഎ


OCTOBER 14, 2019, 3:29 PM IST

25 കൊടുംഭീകരരുടെ പട്ടിക സംസ്ഥാനങ്ങള്‍ക്ക് കൈമാറി

ന്യൂഡല്‍ഹി: കേരളത്തിലേക്ക്  ബംഗ്ലാദേശി ഭീകരസംഘടനകള്‍ നുഴഞ്ഞുകയറുന്നുവെന്ന് എന്‍ഐഎ. ബംഗ്ലാദേശി തീവ്രവാദ ഗ്രൂപ്പായ ജമാഅത്ത് ഉല്‍ മുജഹിദ്ദീന്‍ കേരളം ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ദേശീയ അന്വേഷണ ഏജന്‍സി ഡയറക്റ്റര്‍ ജനറല്‍ യോഗേഷ് ചന്ദര്‍ മോഡിയുടെ വെളിപ്പെടുത്തല്‍. തീവ്രവാദ വിരുദ്ധ സേനയുടേയും സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന്റേയും ഉന്നത ഉദ്യോഗസ്ഥരുടെ സമ്മേളനത്തില്‍ സംസാരിക്കവേയാണു യോഗേഷ് ചന്ദറിന്റെ വെളിപ്പെടുത്തല്‍.

കേരളത്തെ കൂടാതെ കര്‍ണാടക, ബിഹാര്‍, മഹാരാഷ്ട്ര എന്നിവടങ്ങളിലാണ് ബംഗ്ലാദേശി തീവ്രവാദി ഗ്രൂപ്പുകള്‍ സജീവമായുള്ളത്. ആദ്യമായാണു ബംഗ്ലാദേശി തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് കേരളത്തില്‍ ശക്തമായ വേരോട്ടമുണ്ടെന്നു ഔദ്യോഗിക ഏജന്‍സി വെളിപ്പെടുത്തുന്നത്. കേരളത്തിലേക്ക് പലതരം ജോലി തേടിയെത്തുന്ന ഇതര സംസ്ഥാനക്കാരില്‍ ഭൂരിപക്ഷവും ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരാണ്. അസം, പശ്ചിമ ബംഗാള്‍ സ്വദേശികള്‍ എന്ന ലേബലിലാണ് ഇവര്‍ എത്തുന്നതെങ്കിലും ബംഗ്ലാദേശി തീവ്രവാദ ഗ്രൂപ്പുകളില്‍ അംഗമായവരാണ് ഇത്തരക്കാരെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ ഇതരസംസ്ഥാനക്കാര്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങളില്‍ വന്‍വര്‍ധന രേഖപ്പെടുത്തുന്നതിനെ പിന്നാലെയാണ് ഇവരുടെ തീവ്രവാദ ബന്ധവും ദേശീയ അന്വേഷണ ഏജന്‍സി വെളിപ്പെടുത്തുന്നത്.

ജമാഅത്ത് ഉല്‍ മുജാഹിദ്ദീന്റെ കൊടുംഭീകര പട്ടികയില്‍ പെട്ട 25പേരുടെ വിവരങ്ങള്‍ കേരളം അടക്കം സംസ്ഥാനങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. സംസ്ഥാനങ്ങളുടെ സഹായത്തോടെ ഇവരെ പിടികൂടാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് എന്‍ഐഎ. അന്താരാഷ്ട്ര തലത്തിലുള്ള അന്വേഷണ ഏജന്‍സികളുടെ സഹായവും ഇക്കാര്യത്തില്‍ ലഭ്യമാക്കും. എല്ലാത്തരം വെല്ലുവിളികളും നേരിടാന്‍ എന്‍ഐഎ തയാറാണെന്നും യോഗേഷ്.

തീവ്രവാദ ഗ്രൂപ്പുകളെ അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായാണ് എന്‍ഐഎയുടെ ആഭിമുഖ്യത്തില്‍ സമാന രീതിയിലുള്ള ഏജന്‍സികളുടെ ഉന്നത് ഉദ്യോഗസ്ഥരുടെ രണ്ടുദിവസത്തെ സമ്മേളനം വിളിച്ചു ചേര്‍ത്തത്. തിങ്കളാഴ്ച നടന്ന ഉദ്ഘാടന ടചടങ്ങിലാണ് ബംഗ്ലാദേശി തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് യോഗേഷ് വെളിപ്പെടുത്തിയത്. അസം,മേഘാലയ കേഡറിലെ 1984 ഐപിഎസ് ഉദ്യോഗസ്ഥനാണ് യോഗേഷ് ചന്ദര്‍ മോഡി.

Other News