അമൃതസര്‍: ഖലിസ്താന്‍ നേതാവ് അമൃത്പാല്‍ സിങിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജലന്ധറിന് സമീപമാണ് അമൃതപാല്‍ സിംഗ് അറസ്റ്റിലായത്. ഇതോട പഞ്ചാബില്‍ ഇന്റര്‍നെറ്റ് നിരോധിച്ചു.
അമൃത്പാലിന്റെ ആറ് അനുയായികളെ നേരത്തെ പൊലീസ് അറസ്‌റ് ചെയ്തിരുന്നു. പൊലീസിനെ വെട്ടിച്ച് അമൃതപാല് സിംഗ് കടന്നുകളഞ്ഞെങ്കിലും പൊലീസ് സംഘം പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
അറസ്റ്റിന് പിന്നാലെ ഞായറാഴ്ച വരെ പഞ്ചാബില്‍ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയിട്ടുണ്ട്. കൂടാതെ മോഗ ജില്ലയിലും അമൃത്പാലിന്റെ ജുല്ലുപൂര്‍ ഖേര ഗ്രാമത്തിലും സുരക്ഷ കര്‍ശനമാക്കാന്‍ പൊലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പഞ്ചാബിലെ ക്രമസമാധാനം നിലനിര്‍ത്താന്‍ എല്ലാവരും സഹകരിക്കണമെന്നും നടപടികളില്‍ ഇടപെടരുതെന്നും പൊലീസ് പറഞ്ഞു.
അമൃത്പാല്‍ സിങ്ങിന്റെ അനുയായിയായ ലവ് പ്രീത് സിങ്ങിനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വലിയ സംഘര്‍ഷമുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ അനുയായികള്‍ അജ്‌നാല പൊലീസ് സ്റ്റേഷന്‍ ആക്രമിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷം പഞ്ചാബ് സര്‍ക്കാറിനേയും കേന്ദ്രസര്‍ക്കാറിനേയും പലതവണ അമൃത്പാല്‍ സിങ് വെല്ലുവിളിച്ചിരുന്നു.