ഇംഫാല്‍: മണിപ്പൂരില്‍ അജ്ഞാതര്‍ സൈനികനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഇംഫാല്‍ വെസ്റ്റ് ജില്ലയിലാണ് സംഭവം. വീട്ടിലെത്തിയ ചിലര്‍ സൈനികനെ തട്ടികൊണ്ട് പോയി കൊലപ്പെടുത്തുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച രാവിലെ 9.30ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.
ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് സൈനികനെ തട്ടിക്കൊണ്ടുപോയത്. സെര്‍ട്ടോ തങ്താങ് കോം എന്നാണ് കൊല്ലപ്പെട്ട സൈനികന്റെ പേര്. അവധിയിലായിരുന്നു അദ്ദേഹം. വടക്കുകിഴക്കന്‍ സംസ്ഥാനത്തെ ലെയ്മഖോങ് മിലിട്ടറി സ്റ്റേഷനിലാണ് അദ്ദേഹത്തിന് ചുമതല ഉണ്ടായിരുന്നത്.
ഏക ദൃക്സാക്ഷിയായ 10 വയസ്സുള്ള മകന്‍ പറയുന്നതനുസരിച്ച്, ഇരുവരും വീടിന്റെ മുറ്റത്ത് ജോലി ചെയ്യുന്നതിനിടെ മൂന്ന് പേര്‍ അവിടേക്ക് എത്തുകയായിരുന്നു. 'സായുധരായ ചിലര്‍ സൈനികന് നേരെ പിസ്റ്റള്‍ ചൂണ്ടുകയും സംഭവസ്ഥലത്ത് നിന്ന് ഒരു വെള്ള വാഹനത്തില്‍ കയറ്റി കൊണ്ട് പോവുകയുമായിരുന്നു' മകനെ ഉദ്ധരിച്ച് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
'ഞായറാഴ്ച പുലര്‍ച്ചെ വരെ കോമിനെക്കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല, രാവിലെ 9.30ഓടെ ഇംഫാല്‍ ഈസ്റ്റിലെ സോഗോള്‍മാങ് പിഎസിനു കീഴിലുള്ള മോങ്ജാമിന് കിഴക്ക് ഖുനിംഗ്തെക് ഗ്രാമത്തില്‍ നിന്ന് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തി.' അധികൃതര്‍ അറിയിച്ചു.
ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, സൈനികന്റെ തലയില്‍ വെടിയേറ്റതായി കോമിന്റെ സഹോദരനും ഭാര്യാ സഹോദരനും സ്ഥിരീകരിച്ചു. കൂടുതല്‍ അന്വേഷണത്തിനായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് അധികൃതര്‍.