എട്ടുപോലീസുകാരെ വധിച്ച കൊടും ക്രിമിനലായ മകനെ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലണമെന്ന് അമ്മ


JULY 4, 2020, 5:11 PM IST

കാണ്‍പൂര്‍:  ഉത്തര്‍പ്രദേശില്‍ എട്ട് പൊലീസുകാരെ കൊന്ന കൊടും ക്രിമിനലായ മകനെ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലണമെന്ന് അമ്മ. അവനെ പോലീസ് കൊന്നാലും കുഴപ്പമില്ല. അത്രവലിയ തെറ്റാണ് അവന്‍ ചെയ്തത്. കൊടുംകുറ്റവാളിയായ വികാസ് ദുബെയുടെ അമ്മ  സര്‍ല ദേവി പറഞ്ഞു. അവനെ പിടികൂടിയാലും കൊന്നു കളയുകയാണ് വേണ്ടത്.

കാണ്‍പൂലെ ബിക്രു ഗ്രാമത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് പതിയിരുന്ന് ആക്രമണത്തിനിടെ എട്ട് പോലീസുകാരെ വികാസ് ദുബെ (48) വെടിവച്ചു കൊന്നത്. ഒളിവിലായ ഇയാളെ പിടികൂടാന്‍ പ്രത്യേക സേന എത്തിയപ്പോളാണ് ഡിവൈഎസ്പി ഉള്‍പ്പെടെയുള്ള എട്ടുപോലീസുകാര്‍ക്ക് നേരെ ഇയാള്‍ നിറയൊഴിച്ചത്.

സംഭവത്തിനുശേഷം ഒളിച്ചോടിയ പ്രതിയെ പിടികൂടാന്‍ യുപി പോലീസ് 25 ലധികം ടീമുകള്‍ രൂപീകരിച്ചു. യുപി പോലീസിന്റെ പ്രത്യേക ടാസ്‌ക് ഫോഴ്സും അണിനിരന്നു. ദുബെയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നതിന് 50,000 രൂപ ക്യാഷ് റിവാര്‍ഡ് പ്രഖ്യാപിക്കുകയും വിവര ദാതാവിന്റെ ഐഡന്റിറ്റി രഹസ്യമായി സൂക്ഷിക്കുകയും ചെയ്യും.

പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത പ്രാദേശിക പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച് ടീം മൂന്ന് വശങ്ങളില്‍ നിന്ന് ആക്രമണത്തിന് ഇരയായി. സംഭവസ്ഥലത്തുനിന്ന് കുറ്റവാളികളുടെ  ആയുധങ്ങള്‍ പോലീസ് കണ്ടെടുത്തു.

ദുബെയെ അറസ്റ്റുചെയ്യാന്‍ ഗ്രാമത്തില്‍ എത്തിയ പോലീസ് സംഘത്തിനുനേരെ അക്രമികള്‍ മേല്‍ക്കൂരയില്‍ നിന്ന്  വെടിയുതിര്‍ക്കുകയായിരുന്നു.

ബിക്രുവില്‍കണ്ടെടുത്ത ആയുധങ്ങളില്‍ എകെ 47 റൈഫിള്‍, ഐന്‍സാസ് റൈഫിള്‍, ഗ്ലോക്ക് പിസ്റ്റള്‍, രണ്ട് .9 എംഎം പിസ്റ്റളുകള്‍ എന്നിവ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് വക്താവ് പറഞ്ഞു.

Other News