ആന്ധ്രാപ്രദേശ് മുന്‍ സ്പീക്കര്‍ കൊടേല ശിവപ്രസാദ് റാവു അന്തരിച്ചു


SEPTEMBER 16, 2019, 2:36 PM IST

അമരാവതി: ആന്ധ്രാപ്രദേശ് മുന്‍ സ്പീക്കറും തെലുങ്ക്‌ദേശം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവുമായ കൊടേല ശിവപ്രസാദ് റാവു അന്തരിച്ചു. ആത്മഹത്യയാണെന്നാണ് സൂചന. വീട്ടില്‍ വെച്ച്  ആത്മഹത്യാശ്രമം നടത്തിയ ശിവപ്രസാദ് റാവുവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നാണ് വിവരം. അതേസമയം ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നും റിപ്പോര്‍ട്ടുണ്ട്.ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈ.എസ്.ആര്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു പിന്നാലെ ശിവപ്രസാദ് റാവുവിനും കുടുംബത്തിനുമെതിരെ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതാണ് ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.സ്പീക്കറുടെ ഔദ്യോഗിക വസതിയില്‍ നിന്നും ലാപ്‌ടോപ്പുകളും ഫര്‍ണീച്ചറുകളും മോഷണം പോയതിന് ശിവപ്രസാദ് റാവുവിന്റെ  മകനെതിരെ അടുത്തിടെ കേസെടുത്തിരുന്നു.ശിവപ്രസാദ് റാവുവിന്റെ മരണത്തില്‍ തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവും നടുക്കം രേഖപ്പെടുത്തുകയും കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.

Other News