ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം മരവിപ്പിച്ചു


JANUARY 30, 2023, 10:04 PM IST

ന്യൂഡല്‍ഹി: ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു. വധശ്രമക്കേസില്‍ ലക്ഷദ്വീപ് മുന്‍ എം പി മുഹമ്മദ് ഫൈസലിന് അനുകൂലമായ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. തെരഞ്ഞെടുപ്പ് വിജ്ഞാപനം ചൊവ്വാഴ്ച ഇറങ്ങാനിരിക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. 

ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തുടര്‍നടപടികളെല്ലാം മരവിപ്പിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 2009ല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുഹമ്മദ് സാഹിലിനെ ആക്രമിച്ച കേസിലാണ് മുഹമ്മദ് ഫൈസല്‍ ഉള്‍പ്പെടെ നാല് പേരെ 10 വര്‍ഷം തടവിന് വിധിച്ചത്. ഫൈസലിനെ എം പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതിനു പിന്നാലെ ലക്ഷദ്വീപില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. 

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെതിരെ മുഹമ്മദ് ഫൈസല്‍ സുപ്രിം കോടതിയെ സമീപിച്ചിരുന്നു. ഇതിനിടെയാണ് എം പിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയ സെഷന്‍സ് കോടതി വിധിയും 10 വര്‍ഷം തടവുശിക്ഷയും സ്റ്റേ ചെയ്ത് കേരള ഹൈക്കോടതി ഉത്തരവിട്ടത്. ഈ സാഹചര്യത്തിലാണ് പ്രഖ്യാപിച്ച ഉപതെരഞ്ഞെടുപ്പ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചത്.

Other News