രാജസ്ഥാനില്‍ ബിജെപിയുടെ പാഠങ്ങള്‍ തിരുത്തി കോണ്‍ഗ്രസ്


JUNE 18, 2019, 2:49 PM IST

നരേന്ദ്ര മോഡി ഗവണ്മെന്റിനെ പുകഴ്ത്തിയും ഹിന്ദുത്വ പ്രത്യയശാസ്ത്രം അടിച്ചേല്‍പ്പിക്കുന്നതിനുദ്ദേശിച്ചും വസുന്ധര രാജെ സിന്ധ്യയുടെ നേതൃത്വത്തിലുള്ള ബിജെപി ഗവണ്മെന്റ്  2017  ല്‍ തയ്യാറാക്കിയ സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ് ഗവണ്മെന്റ് തിരുത്തി. രാജസ്ഥാന്‍ സെക്കണ്ടറി എഡ്യൂക്കേഷന്‍ ബോര്‍ഡ് പാഠപുസ്തകങ്ങളാണ് തിരുത്തലിനു വിധേയമായത്.
പുതിയ പാഠപുസ്തകങ്ങളില്‍ മോഡി ഗവണ്മെന്റിനെക്കുറിച്ചുള്ള എല്ലാ പരാമര്‍ശങ്ങളും ഒഴിവാക്കിയിട്ടില്ല. അതേസമയം വിവാദമായവ ഒഴിവാക്കുകയോ തിരുത്തിയെഴുതുകയോ ചെയ്തു. നോട്ടു നിരോധനം, വിനായക സവര്‍ക്കര്‍, ഹല്‍ദിഹട്ടി യുദ്ധം, ഭരണഘടനയുടെ 370 അനുച്ഛേദം, ഏകീകൃത സിവില്‍ കോഡ്, ന്യുന പക്ഷ പ്രീണനം, മതപരിവര്‍ത്തനങ്ങള്‍, വലതുപക്ഷ ഹിന്ദുത്വ സംഘടനകള്‍ എന്നിവയെക്കുറിച്ചുള്ള പരാമര്ശങ്ങളെല്ലാം മാറ്റിയവയില്‍ പെടുന്നു.
പന്ത്രണ്ടാം  ക്ലാസിലെ രാഷ്ട്ര മീമാംസ (പൊളിറ്റിക്സ്) പുസ്തകത്തില്‍ നിന്നുമാണ് നോട്ടു നിരോധനം അപ്രത്യക്ഷമായത്. സാമ്പത്തിക ചരിത്രത്തിന്റെ ഭാഗമായാണ് കാലേ ധന്‍ കി സഫായി  (കള്ളപ്പണം ഇല്ലാതെയാക്കല്‍) എന്ന പേരില്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്. വിദേശത്തുള്ള കള്ളപ്പണം തിരിച്ചുകൊണ്ടുവരുന്നതിനും അഴിമതിക്കെതിരെ പോരാടുന്നതിനും ഭീകര സംഘടനകള്‍ക്ക് ലഭിക്കുന്ന ധനസഹായം അവസാനിപ്പിക്കുന്നതിനും തെരഞ്ഞെടുപ്പുകളില്‍ കള്ളപ്പണത്തിന്റെ ഉപയോഗം ഇല്ലാതെയാക്കുന്നതിനും വേണ്ടി മോഡി ഗവണ്മെന്റ് സ്വീകരിച്ച 'ചരിത്രപ്രധാനമായ തീരുമാനം' എന്നാണു അതിന്റെ വിശേഷിപ്പിച്ചിരുന്നത്.
ഇന്ത്യയുടെ വിദേശനയത്തെ സംബന്ധിച്ച അധ്യായത്തിലും നോട്ടു നിരോധനത്തെ മോഡി ഗവണ്മെന്റിന്റെ ഒരു നയതന്ത്ര നേട്ടമായി വിവരിച്ചിരുന്നു. അതും ഒഴിവാക്കി. നോട്ടു നിരോധനവും നയതന്ത്ര പ്രവര്‍ത്തനവും തമ്മില്‍ ഒരു ബന്ധവുമില്ല. ഇന്ത്യയില്‍ മാത്രമല്ല വിദേശങ്ങളിലും നോട്ടു നിരോധനം വലിയ പ്രശംസ നേടിയെന്നാണ് പറഞ്ഞിരുന്നത്. ഈ നടപടി ഇന്ത്യയുടെ വിദേശനയത്തെ സ്വാധീനിക്കുമെന്നും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുമെന്നും അതില്‍ പറഞ്ഞിരുന്നു. എന്നാല്‍ നിരോധിച്ച നോട്ടുകളുടെ 99.3 ശതമാനവും തിരിച്ചെത്തിയെന്ന്  2018 ഓഗസ്റ്റില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കിയതോടെ ഗവണ്മെന്റിന്റെ എല്ലാ അവകാശവാദങ്ങളും പൊളിയുകയായിരുന്നു.
രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ സൈദ്ധാന്തികനായിരുന്ന വിനായക് ദാമോദര്‍ സവര്‍ക്കറെ 'വീര്‍' (ധീരന്‍)  സവര്‍ക്കര്‍ എന്നാണു ബിജെപി ഗവണ്മെന്റ് തയ്യാറാക്കിയ പാഠപുസ്തകത്തില്‍ വിശേഷിപ്പിച്ചിരുന്നത്.പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ ചരിത്ര പാഠപുസ്തകത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെക്കുറിച്ചുള്ള അധ്യായത്തിലായിരുന്നു സവര്‍ക്കറെക്കുറിച്ചുള്ള  പരാമര്‍ശം. പുതിയ പാഠപുസ്തകത്തില്‍ 'വീര്‍' എന്നതൊഴിവാക്കി. ബ്രിട്ടീഷ് ഗവണ്മെന്റിനു സവര്‍ക്കര്‍ നല്‍കിയ മാപ്പപേക്ഷയുടെ കാര്യം ഉള്‍പ്പെടുത്തുകയും ചെയ്തു.
'സെല്ലുലാര്‍ ജയിലില്‍ അനുഭവിക്കേണ്ടിവന്ന പീഡനങ്ങള്‍ കാരണം ബ്രിട്ടീഷ് ഗവണ്മെന്റിനു 1910 ഓഗസ്റ്റ് 30നും 1911  നവംബര്‍ 4നും സവര്‍ക്കര്‍ നല്‍കിയ മാപ്പപേക്ഷകളില്‍ താനൊരു പോര്‍ട്ടുഗീസുകാരന്റെ മകനാണെന്നും ഗവണ്മെന്റിന്റെ ആഗ്രഹങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും പറഞ്ഞിരുന്നു. 1917ല്‍ മൂന്നാമത്തെയും 1918 ഫെബ്രുവരി 1നു നാലാമത്തെയും മാപ്പപേക്ഷകള്‍ നല്‍കി. അതംഗീകരിച്ചുകൊണ്ട് ബ്രിട്ടീഷ് ഗവണ്മെന്റ് അദ്ദേഹത്തെ അടുത്ത 5 വര്‍ഷക്കാലത്തേക്ക് ഒരു വിധ രാഷ്ട്രീയ പ്രവര്‍ത്തനത്തിലും പങ്കെടുക്കരുതെന്ന ഉപാധിയോടെ വിട്ടയച്ചു. ഈ സമയത്ത് അദ്ദേഹം ഓള്‍ ഇന്ത്യ ഹിന്ദു മഹാസഭ സ്ഥാപിക്കുകയും അതിന്റെ പ്രസിഡന്റാകുകയും ഒരു ഹിന്ദു രാഷ്ട്രം സ്ഥാപിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയും ചെയ്തു'
'രണ്ടാം ലോക യുദ്ധകാലത്ത് അദ്ദേഹം ബ്രിട്ടീഷ് ഗവണ്മെന്റിനു പിന്തുണ നല്‍കി. സൈനിക പരിശീലനം നേടുന്നതിനും യുദ്ധത്തില്‍ സജീവമാകുന്നതിനും ഹിന്ദുക്കളെ അദ്ദേഹം ആഹ്വാനം ചെയ്തു. രാഷ്ട്രീയത്തെയും സൈന്യത്തെയും ഹിന്ദുത്വവല്‍ക്കരിക്കുക എന്ന മുദ്രാവാക്യം അദ്ദേഹം ആവിഷ്‌ക്കരിച്ചു. 1942ലെ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തെയും 1946ലെ പാകിസ്ഥാന്റെ രൂപീകരണത്തെയും അദ്ദേഹം എതിര്‍ത്തു. 1948  ജനുവരി 30നു മഹാത്മാ ഗന്ധി വധിക്കപ്പെട്ടതിനെ തുടര്‍ന്ന് അതുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ പങ്കാളിയാവുകയും ഗോഡ്സെയെ സഹായിക്കുകയും ചെയ്ത കുറ്റങ്ങള്‍ക്ക് അദ്ദേഹം പ്രതിയായെങ്കിലും വിട്ടയക്കപ്പെട്ടു'--പരിഷ്‌ക്കരിച്ച പാഠപുസ്തകത്തില്‍ സവര്‍ക്കാറെ കുറിച്ചുള്ള ഭാഗം ഇങ്ങനെയാണ്.
പുതിയ  പാഠപുസ്തകത്തില്‍ സവര്‍ക്കറെ അവതരിപ്പിക്കുന്ന ഭാഗവും ഒഴിവാക്കപ്പെട്ടു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ നയിച്ച വിപ്ലവകാരികളായ നേതാക്കളില്‍ പ്രമുഖനായിരുന്നു വിനായക് ദാമോദര്‍ സവര്‍ക്കര്‍ എന്നും അദ്ദേഹം പ്രകടമാക്കിയ ദേശാഭിമാനവും അനുഷ്ടിച്ച ത്യാഗവും കാരണം വീര്‍ സവര്‍ക്കര്‍ എന്നാണറിയപ്പെടുന്നതെന്നും ബ്രിട്ടീഷ് ഭരണത്തിനെതിരായ യുവാക്കളുടെ വിപ്ലവകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം പ്രചോദനമായെന്നും ഒഴിവാക്കപ്പെട്ട ആ പാഠഭാഗത്തില്‍   പറഞ്ഞിരുന്നു.
ഹല്‍ദിഹട്ടി യുദ്ധത്തില്‍ മഹാറാണാ പ്രതാപും അക്ബര്‍ ചക്രവര്‍ത്തിയും ഒരിക്കലും മതപരമായ അടിസ്ഥാനത്തിലായിരുന്നില്ല യുദ്ധം ചെയ്തതെന്ന് പുതിയ പാഠപുസ്തകത്തില്‍ വ്യക്തമാക്കുന്നു. ബിജെപി ഗവണ്മെന്റിന്റെ കാലത്ത് മഹാറാണാ പ്രതാപിന് അനുകൂലമായ വിധത്തില്‍ എഴുതിയിരുന്ന ഭാഗങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വമാണിപ്പോള്‍   തിരുത്തിയിട്ടുള്ളത്. യുദ്ധത്തില്‍ മഹാറാണാ പ്രതാപിനാണ് മേല്‍ക്കൈ ലഭിച്ചതെന്നായിരുന്നു മുമ്പ് പറഞ്ഞിരുന്നത്. എന്നാല്‍ ആര്‍ക്കായിരുന്നു മേല്‍ക്കൈ ലഭിച്ചതെന്ന് പറയാതെ സന്തുലിതമായ ഒരു സമീപനമാണ് പുതിയ പാഠപുസ്തകത്തില്‍ സ്വീകരിച്ചിട്ടുള്ളത്. ഇരുവരും തമ്മിലുള്ള യുദ്ധത്തെ മതയുദ്ധമെന്നു പറയാനാകില്ലെന്നും വ്യക്തമാക്കുന്നു.
പന്തണ്ടാം ക്ലാസിലെ രാഷ്ട്ര മീമാംസ പുസ്തകത്തില്‍ ജാതീയതയെയും വര്‍ഗീയതയെയും സംബന്ധിച്ച പാഠഭാഗങ്ങള്‍ വലിയ മാറ്റങ്ങള്‍ക്കു വിധേയമായി. നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കായി വിഭജനത്തെ അനുകൂലിച്ച  മറ്റു രാഷ്ട്രീയ സംഘടനകളുടെ കൂട്ടത്തില്‍ വലതുപക്ഷ  ഹിന്ദു ദേശീയതയുടെ സംഘടനയായ ഹിന്ദു മഹാസഭയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുമ്പ് വിഭജനത്തിനായി നിലകൊണ്ട സംഘടനകളായി ജമാ അത്ത് ഇ ഇസ്ലാമി, ഓള്‍  ഇന്ത്യ മജ്ലിസ്-ഇ-ഇത്തെഹദുല്‍ മുസ്ലിമീന്‍, സ്റ്റുഡന്റസ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ എന്നീ മുസ്ലിം സംഘടനകളെ മാത്രമാണ് ഉള്‍പ്പെടുത്തിയിരുന്നത്.

Other News