സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണം: അറ്റോര്‍ണി ജനറല്‍ സുപ്രിംകോടതിയില്‍


AUGUST 20, 2019, 3:30 PM IST

ന്യൂഡല്‍ഹി: ഇന്ത്യക്കാരുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് അറ്റോര്‍ണി ജനറല്‍ സുപ്രീംകോടതിയില്‍. സൈബര്‍ കുറ്റകൃത്യങ്ങളും ഭീകരതയും തടയാന്‍ ഇത് ആവശ്യമാണെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ തമിഴ്നാട് സര്‍ക്കാരിന് വേണ്ടി സുപ്രീംകോടതിയെ അറിയിച്ചു.

ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ കോടതി കേന്ദ്രസര്‍ക്കാരിനും സാമൂഹ്യമാധ്യമങ്ങള്‍ക്കും നോട്ടീസയച്ചു.സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരുടെ ഉത്തരവാദിത്തം ഉറപ്പിക്കുന്നതിനും ഭീകരതയും വ്യാജപ്രചാരണവും തടയുന്നതിനും ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കണമെന്ന പൊതുതാല്‍പര്യ ഹര്‍ജികളാണ് മദ്രാസ്, ബോംബെ, മധ്യപ്രദേശ് ഹൈക്കോടതികള്‍ പരിഗണിക്കുന്നത്.

ഇവ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്നായിരുന്നു ഫേസ്ബുക്കിന്റെ ആവശ്യം. എന്നാല്‍, ഹര്‍ജികള്‍ മാറ്റരുതെന്ന് തമിഴ്‌നാടിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ ആവശ്യപ്പെട്ടു. മദ്രാസ് ഹൈക്കോടതിയുടെ വിധി ഉടന്‍ വരാനിരിക്കുകയാണ്. സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റുകളുടെ ഉറവിടം കണ്ടെത്താന്‍ നിലവില്‍ സംവിധാനമില്ല.ഫേസ്ബുക്ക് തന്നെ ഇക്കാര്യം സമ്മതിക്കുന്നുണ്ട്. അതുകൊണ്ട് സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് എജി ആവശ്യപ്പെട്ടു.

ബ്ലൂവെയില്‍ ഗെയിം വരുത്തിയ മരണങ്ങളെയും എ.ജി ചൂണ്ടിക്കാട്ടി. പോസ്റ്റുകളുടെ ഉറവിടം കണ്ടത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഓണ്‍ലൈന്‍ സ്വകാര്യത ഉറപ്പാക്കേണ്ടത് പോലെ തന്നെ പ്രാധാന്യമുള്ളതാണ് വ്യാജപ്രചാരണങ്ങള്‍ നടത്തുന്നവരെ കണ്ടെത്താനുള്ള ഉത്തരവാദിത്തമെന്ന് കോടതി വ്യക്തമാക്കി.രാജ്യാന്തര പ്ലാറ്റ്‌ഫോം ആയതിനാല്‍ വിഷയത്തില്‍ സുപ്രീംകോടതി തന്നെ തീര്‍പ്പു കല്‍പ്പിക്കണമെന്നാണ് ഫേസ്ബുക്ക് വാദം. സെപ്റ്റംബര്‍ 13-ന് ഇനി വാദം കേള്‍ക്കുന്നതിന് മുമ്പായി കേന്ദ്ര സര്‍ക്കാരും സമൂഹമാധ്യമങ്ങളും മറുപടി നല്‍കണം.

Other News