ലോക്ക്ഡൗണ്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് തകര്‍ത്തു: രാഹുല്‍ ഗാന്ധിയോട് രാജീവ് ബജാജ്


JUNE 4, 2020, 4:24 PM IST

ന്യൂഡല്‍ഹി : കോവിഡിനെ പ്രതിരോധിക്കാന്‍ രാജ്യം അടച്ചിട്ട നടപടി ഏറ്റവും വലിയെ തെറ്റായിരുന്നുവെന്നും  ഇത്തരം അടച്ചു പൂട്ടല്‍ ലോകത്ത് എവിടെയും കണ്ടിട്ടില്ലെന്നും പ്രമുഖ വ്യവസായിയും ബജാജ് ഓട്ടോസിന്റെ മാനേജിംഗ് ഡയറക്ടറുമായ രാജീവ് ബജാജ്. കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുമായുള്ള വീഡിയോ സംവാദത്തിനിടെയാണ് രാജീവ് ബജാജ് ഇക്കാര്യം പറഞ്ഞത്. ഇതൊരു ക്രൂരമായ നീക്കമായിപ്പോയി. കോവിഡിനൊപ്പം ജീവിക്കുക എന്നതാണ് സര്‍ക്കാര്‍ നയം. ജനങ്ങള്‍ അതിനെ അംഗീകരിക്കാന്‍ സമയമെടുക്കുമെന്നും രാജീവ് ബജാജ്  പറഞ്ഞു.

ലോക്ഡൗണ്‍ കൊറോണയുടെ അല്ല മറിച്ച് സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലാണ് ഒടിച്ചത്. രാഹുലുമായി സംസാരിക്കരുതെന്നും അത് കുഴപ്പത്തില്‍ച്ചാടിക്കുമെന്നും തനിക്ക് മുന്നറിയിപ്പുണ്ടായിരുന്നുവെന്നും രാജീവ് ബജാജ് പറഞ്ഞു.

കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ പടിഞ്ഞാറന്‍ രാജ്യങ്ങളെ ( യൂറോപ്പ്, അമേരിക്ക) മാതൃകയാക്കാനാണ് ഇന്ത്യ ശ്രമിച്ചത്. എന്നാല്‍ ലോകത്ത് ഏറ്റവും നന്നായി കോവിഡിനെ പ്രതിരോധിച്ചത് ചില കിഴക്കനേഷ്യന്‍ രാജ്യങ്ങളാണ് എന്ന കാര്യം മറക്കരുത്. ഒരു ഏഷ്യന്‍ രാജ്യമെന്ന നിലയില്‍ കിഴക്കനേഷ്യയിലെ പല രാജ്യങ്ങളും എങ്ങനെ കോവിഡിനെ പ്രതിരോധിച്ചു എന്നത് നാം പഠിക്കേണ്ടതുണ്ട്. എല്ലാ കാര്യത്തിനും യൂറോപ്പിനേയും അമേരിക്കയേയും മാതൃകയാക്കുന്നത് ഒരു നല്ല ശീലമല്ല.

വികസിത രാജ്യമായ അമേരിക്കയോ വികസിത ഭൂഖണ്ഡമായ യൂറോപ്പോ കോവിഡില്‍ അടിപതറി വീണെങ്കില്‍ ലോകത്തെവിടെയും കോവിഡ് ബാധിക്കപ്പെടും എന്നു നാം തിരിച്ചറിയണം. സമ്പന്നരാജ്യങ്ങളെ ബാധിച്ചപ്പോള്‍ മാത്രമാണ് കോവിഡൊരു ആഗോളപ്രശ്‌നമായി മാറിയത്. ആഫ്രിക്കയില്‍ എല്ലാ വര്‍ഷവും എട്ടായിരത്തോളം കുട്ടികള്‍ പട്ടിണി കിടന്നു മരിക്കുന്നു. അതൊന്നും ആരും ശ്രദ്ധിക്കുന്നു പോലുമില്ല - രാജീവ് ബജാജ് പറഞ്ഞു.  

അതേസമയം ലോക്ക് ഡൗണില്‍ അധികാരം മുഴുവന്‍ കേന്ദ്രസര്‍ക്കാരില്‍ കേന്ദ്രീകരിച്ചതായി രാഹുല്‍ ഗാന്ധി വീഡിയോ സംവാദത്തില്‍ പറഞ്ഞു. കോവിഡിനെ ഫലപ്രദമായി നേരിടാന്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കണമെന്നാണ് കോണ്‍ഗ്രസിന്റെ നിലപാടെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. രാജ്യം അടച്ചിട്ട നടപടി തെറ്റായിപ്പോയെന്നും രാഹുല്‍ ആവര്‍ത്തിച്ചു.

രണ്ടാം ലോകമഹായുദ്ധക്കാലത്ത് പോലും ലോക്ക് ഡൗണ്‍ നടപ്പാക്കിയതായി കേട്ടിട്ടില്ല. സമൂഹത്തിലെ താഴെത്തട്ടിലുള്ളവരേയും ദരിദ്രരേയും കുടിയേറ്റ തൊഴിലാളികളേയും ലോക്ക് ഡൗണ്‍ ഗുരുതരമായി ബാധിച്ചു. അഭയം തേടാന്‍ ഒരു ഇടമില്ലാത അവര്‍ കഷ്ടപ്പെട്ടു. ലോക്ക് ഡൗണ്‍ കാലത്ത് കൊവിഡ് രോഗികളുടെ എണ്ണം പല മടങ്ങ് വര്‍ധിച്ച ഒരേ ഒരു രാജ്യമാണ് ഇന്ത്യ.

കോവിഡിനെ നേരിടുന്നതില്‍ ലോക്ക് ഡൗണ്‍ പരാജയമായി. സംസ്ഥനങ്ങളേയും മുഖ്യമന്ത്രിമാരേയും മുന്‍നിര്‍ത്തി വേണമായിരുന്നു കൊവിഡിനെ നേരിടാന്‍ എന്നാല്‍ ഇവിടെ അധികാരം പിടിച്ചെടുക്കാനുള്ള അവസരമായാണ് കേന്ദ്രസര്‍ക്കാര്‍ കോവിഡിനെ ഉപയോഗപ്പെടുത്തിയത് - കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചു കൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞു

Other News