കുട്ടികളെ പീഡിപ്പിച്ചാല്‍ വധശിക്ഷ വരെ; പോക്സോ ഭേദഗതി ബിൽ ലോക്‌സഭയിലും പാസായി


AUGUST 1, 2019, 9:22 PM IST

ന്യൂഡൽഹി:കുട്ടികളെ  പീഡിപ്പിക്കുന്നവർക്ക് കടുത്ത ശിക്ഷ നല്‍കാൻ വ്യവസ്ഥ ഉൾപ്പെടുത്തിയ പോക്സോ നിയമഭേദഗതി ബിൽ ലോക്‌സഭ പാസാക്കി. കുട്ടികൾക്കുനേരെ ലൈംഗികാതിക്രമം നടത്തുന്നവർക്ക് വധശിക്ഷ വരെ ലഭിക്കുന്നതിന് ബില്ലിൽ വ്യവസ്ഥയുണ്ട്. രാജ്യസഭ നേരത്തെ പാസാക്കിയ ബിൽ ഇനി രാഷ്ട്രപതി അംഗീകരിക്കുന്നതോടെ നിയമമാകും. 

 ജനുവരി എട്ടിന് ലോക്‌സഭയിൽ അവതരിപ്പിച്ച ബില്ലാണ് ഭേദഗതികളില്ലാതെ പാസാക്കിയത്. കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് പിഴയോടൊപ്പം ചുരുങ്ങിയത് 20 വര്‍ഷം തടവുമുതൽ വധശിക്ഷ വരെ ലഭിക്കും.കുട്ടികള്‍ ഉള്‍പ്പെടുന്ന ലൈംഗിക ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം തടവും പിഴയും ബിൽ വ്യവസ്ഥ ചെയ്യുന്നു. 

പ്രകൃതി ദുരന്തങ്ങളുടെ സമയത്ത് കുട്ടികളെ പീഡിപ്പിക്കുന്നതും ലൈംഗിക വളർച്ചയ്ക്കായി ഹോർമോണും മറ്റും കുത്തിവയ്ക്കുന്നതും ക്രൂര പീഡനത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പീഡനത്തിന് ഇരയാകുന്നത് ആൺകുട്ടിയോ പെൺകുട്ടിയോ എന്ന വ്യത്യാസമില്ലാതെയാണ് ശിക്ഷാവ്യവസ്ഥകൾ. 

Other News