സിദ്ദിഖ് കാപ്പനെതിരെ ലഖ്നൗ കോടതി കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റം ചുമത്തി


DECEMBER 9, 2022, 5:49 PM IST

ലഖ്‌നൗ- സിദ്ദീഖ് കാപ്പനും ആറു പേര്‍ക്കുമെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം (പി. എം. എല്‍. എ) കോടതി കുറ്റം ചുമത്തി. ഡിസംബര്‍ 17ന് സാക്ഷികളെ കോടതിയില്‍ ഹാജരാക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രത്യേക ജഡ്ജി സഞ്ജയ് ശങ്കര്‍ പാണ്ഡെ ഫെഡറല്‍ ഏജന്‍സിയോട് ആവശ്യപ്പെട്ടു. കാപ്പനെ കൂടാതെ കെ. എ. റൗഫ് ഷെരീഫ്, ആതികൂര്‍ റഹ്മാന്‍, മസൂദ് അഹമ്മദ്, മുഹമ്മദ് ആലം, അബ്ദുല്‍ റസാഖ്, അഷ്‌റഫ് ഖാദിര്‍ എന്നിവരാണ് കേസിലെ പ്രതികള്‍.വിദേശ രാജ്യത്ത് നിന്ന് അനധികൃതമായി പണം സമ്പാദിക്കുകയും രാജ്യതാത്പര്യത്തിന് വിരുദ്ധമായി വിനിയോഗിക്കുകയും ചെയ്തതിന് പി. എം. എല്‍. എ കേസില്‍ ഇ. ഡി കാപ്പനെതിരെ കേസെടുത്തിരുന്നു.2020 ഒക്ടോബര്‍ ആറിനാണ് ഉത്തര്‍പ്രദേശിലെ ഹത്രാസിലേക്ക് പോകുന്നതിനിടെ സിദ്ദീഖ് കാപ്പന്‍ അറസ്റ്റിലായത്. 19കാരിയായ ദലിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാനായിരുന്നു സിദ്ദീഖ് കാപ്പനും മറ്റു മൂന്നുപേരും ഹത്രാസിലേക്ക് പോയത്.നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (പ്രിവന്‍ഷന്‍) ആക്ട് (യു. എ. പി. എ) പ്രകാരമുള്ള കുറ്റത്തിനാണ് മാധ്യമ പ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പനെതിരെ പോലീസ് ആദ്യം കേസെടുത്തത്. തുടര്‍ന്ന് ഇ. ഡിയും ഇയാള്‍ക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കേസെടുത്തു. അടുത്തിടെ നിരോധിച്ച സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയില്‍ നിന്ന് 'കലാപം ഉണ്ടാക്കാന്‍' പണം കൈപ്പറ്റിയതിനാണ് സിദ്ദീഖ് കാപ്പന്‍, റഹ്മാന്‍, അഹമ്മദ്, ആലം എന്നിവര്‍ക്കെതിരെ കേന്ദ്ര ഏജന്‍സി കുറ്റം ചുമത്തിയിട്ടുണ്ട്.പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വിദ്യാര്‍ഥി സംഘടനയായ കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ദേശീയ ട്രഷററാണ് റഹ്മാന്‍. കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഡല്‍ഹി ഘടകത്തിന്റെ ജനറല്‍ സെക്രട്ടറിയാണ് അഹമ്മദ്. ആലം സംഘടനയിലും പോപുലര്‍ ഫ്രണ്ടിലും അംഗമാണ്. കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ദേശീയ ജനറല്‍ സെക്രട്ടറി ഷെരീഫാണ് ഹത്രാസിലേക്കുള്ള അവരുടെ യാത്രയ്ക്ക് ധനസഹായം നല്‍കിയതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അവകാശപ്പെട്ടു.

Other News