ബിജെപിയും ശിവ്സേനയും ഇടഞ്ഞു തന്നെ;  മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം തുലാസില്‍


NOVEMBER 8, 2019, 11:54 AM IST

മുംബൈ:  മഹാരാഷ്ട്രയിലെ മന്ത്രിസഭാ രൂപീകരണത്തിനുള്ള സമയ പരിധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ബിജെപിയും ശിവ്സേനയും തങ്ങളുടെ തന്ത്രങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി. ശിവ്സേന എംഎല്‍എമാരെ ചാക്കിലാക്കാന്‍ ബിജെപിയും അവരെ തങ്ങള്‍ക്കൊപ്പം ഉറപ്പിച്ച് നിര്‍ത്താന്‍ ശിവ്സേനയും ശ്രമിക്കുകയാണ്. ശനിയാഴ്ച്ചയാണ് നിലവിലുള്ള നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്.

മുഖ്യമന്ത്രി പദത്തില്‍ കുറഞ്ഞതൊന്നും തങ്ങള്‍ക്ക് സ്വീകാര്യമല്ലെന്ന് ശിവ്സേനാ നേതാവ് ഉദ്ധവ് താക്കറെ വ്യക്തമാക്കിയതോടെയാണ് മഹാരാഷ്ട്രയില്‍ പ്രതിസന്ധി രൂക്ഷമായത്. ശിവ്സേനയുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയുമായി നിന്ന മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഇതോടെ അങ്കലാപ്പിലായി.

അദ്ദേഹം ഡല്‍ഹിയിലെത്തി പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായെയും പിന്നീട് നാഗ്പൂരിലെത്തി ആര്‍എസ്എസ് നേതാക്കളെയും പ്രശ്നപരിഹാരത്തിന് സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും അവര്‍ക്ക് ഇതുവരെ ഉദ്ധവ് താക്കറെയുടെ മനസ്സ് മാറ്റാനായിട്ടില്ല. വ്യാഴാഴ്ച്ച ശിവ്സേന മുഖപത്രം 'സാമ്ന' ബിജെപി തങ്ങളുടെ എംഎല്‍എമാര്‍ക്ക് വന്‍ വാഗ്ദാനങ്ങള്‍ നല്‍കി മറുകണ്ടം ചാടിക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിക്കുക കൂടെ ചെയ്തതോടെ ഇരുപക്ഷവും തമ്മിലുള്ള ചര്‍ച്ചകള്‍ വഴിമുട്ടി.

ഇതേ തുടര്‍ന്ന് ശിവ്സേനാ നേതൃത്വം അവരുടെ എംഎല്‍എമാരെയും അവരെ പിന്തുണക്കുന്ന എംഎല്‍എമാരെയും മുംബൈയില്‍ ബാന്ദ്രയിലുള്ള രംഗ് ശാരദ ഹോട്ടലിലേക്ക് മാറ്റി. ഇതിനിടെ ഗവര്‍ണര്‍ ഭഗത് സിംഗ് കോഷ്യാരിയെ കണ്ട ബിജെപി നേതാക്കള്‍ തങ്ങളെ ഒരു ന്യുനപക്ഷ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. ഗവര്‍ണര്‍ അദ്ദേഹത്തിന്റെ പ്രതികരണം അവരെ ഉടന്‍ അറിയിച്ചില്ലെങ്കിലും ന്യുനപക്ഷ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഫഡ്നാവിസിനെ ക്ഷണിക്കാനാണ് സാധ്യത.

288 അംഗ നിയമസഭയില്‍ 105 അംഗങ്ങള്‍ മാത്രമുള്ള ബിജെപി തങ്ങള്‍ക്ക് ശിവ്സേനയുടേതടക്കം 188 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് അവകാശപ്പെടുന്നത്. ശിവ്സേനയ്ക്ക് 56 അംഗങ്ങളാണുള്ളത്. ബിജെപിയുടെ അവകാശവാദം തങ്ങളുടെ പാര്‍ട്ടി പിളര്‍ത്താനാണെന്ന ഭയമാണ് ശിവ്സേനയ്ക്കുള്ളത്. എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തിന്റെ പിന്തുണയോടെ സര്‍ക്കാരുണ്ടാക്കാനുള്ള ശിവ്സേനയുടെ ശ്രമം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിക്കേണ്ടി വന്നിരിക്കുകയാണ്.

ഒരു ഭരണഘടനാ പ്രതിസന്ധി ഒഴിവാക്കാന്‍ എന്ന പേരില്‍ ഫഡ്നാവിസിനെ മന്ത്രിസഭാ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കാനുള്ള സാധ്യതയാണ് ഇപ്പോള്‍ കാണുന്നത്. അതുണ്ടായാല്‍ നിയമസഭാ രൂപീകരണം സാധ്യമാകും. പുതിയ മന്ത്രിസഭയ്ക്ക് ഒരു വിശ്വാസവോട്ടെടുപ്പ് വരെ അധികാരത്തിലിരിക്കാന്‍ അവസരം ലഭിക്കുകയും ചെയ്യും.

Other News