ഇംഫാല്‍: കലാപങ്ങളെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നത് 37450 പേരെന്ന് മണിപ്പൂര്‍ സര്‍ക്കാര്‍. 272 ദുരിതാശ്വാസ ക്യാമ്പുകളിലായാണ് ഇത്രയും പേര്‍ കഴിയുന്നത്. കലാപത്തില്‍ 98 പേര്‍ക്കാണ് ജീവന്‍ നഷ്ടമായതെന്നും 310 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തുവെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
മെയ് മൂന്നിനാണ് മണിപ്പൂരില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. കലാപത്തില്‍ 4014 തീവെയ്പ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഒരു മാസത്തിനിടയില്‍ 3734 കേസുകളാണ് സംസ്ഥാന പൊലീസ് റജിസ്റ്റര്‍ ചെയ്തത്. വിവിധ സംഭവങ്ങളിലായി 65 പേരെയാണ് അറസ്റ്റ് ചെയ്തത്.
വര്‍ഗ്ഗീയ സംഘര്‍ഷങ്ങളെ തുടര്‍ന്ന് 4747 സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പലായനം ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നാടുവിട്ട വിദ്യാര്‍ഥികളില്‍ പലരും വ്യത്യസ്ത ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടിയിട്ടുണ്ട്. വിദ്യാര്‍ഥികളുടെ പഠന നഷ്ടം നികത്താന്‍ കോച്ചിംഗ് ക്ലാസുകള്‍ സംഘടിപ്പിക്കുന്നതിന് സന്നദ്ധ അധ്യാപകരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് നിയോഗിക്കും. പാഠപുസ്തകങ്ങള്‍ ഇല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്‍കുമെന്ന് നേരത്തെ മന്ത്രി പറഞ്ഞിരുന്നു.