കേരളത്തിന്റെ വായനാ സംസ്‌ക്കാരത്തെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രിയുടെ മന്‍ കി ബാത് 


JUNE 30, 2019, 2:02 PM IST

ന്യൂഡല്‍ഹി: കേരള ജനതയുടെ സാക്ഷരതയെയും വായനാ സംസ്‌ക്കാരത്തെയും പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മന്‍ കി ബാത്.  റേഡിയോയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രിയുടെ മന്‍ കി ബാദ് പരിപാടിയിലാണ് കേരളത്തെ പ്രശംസിച്ചത്.

രണ്ടാമതും പ്രധാനമന്ത്രി ആയതിനു ശേഷമുള്ള മോദിയുടെ ആദ്യ 'മന്‍ കി ബാതി'ലാണ് കേരളത്തിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ പോലും വായനശാലകള്‍ ഉണ്ടെന്ന് പറഞ്ഞത്. ഇടുക്കി ജില്ലയിലെ ഒരു വായനശാലയുടെ പേര് പ്രധാനമന്ത്രി എടുത്ത് പറയുകയും ചെയ്തു.

ഇടുക്കിയിലെ ഇടമലക്കുടിയിലുള്ള അക്ഷര ലൈബ്രറി വനമേഖലയില്‍ ഉള്ളതാണെന്നും അധ്യാപകനായ പി.കെ മുരളീധരനും ചായക്കടക്കാരനായ പി.വി ചിന്നത്തമ്പിയുമാണ് ലൈബ്രറിക്ക് പിന്നിലെന്നും പ്രധാനമന്ത്രി പരാമര്‍ശിച്ചു.

അതേസമയം, തന്റെ കേദര്‍നാഥ് യാത്രയെ രാഷ്ട്രീയവല്‍ക്കരിച്ചതിന് എതിരെയും പ്രധാനമന്ത്രി രംഗത്തെത്തി. കേദര്‍നാഥ് യാത്രയെ ചിലര്‍ രാഷ്ട്രീയവത്കരിച്ചു. എന്നാല്‍, ആത്മീയതയുടെ ഭാഗമായാണ് കേദാര്‍നാഥില്‍ പോയതെന്നും പ്രധാനമന്ത്രി പറഞ്ഞു.

അടിയന്തിരാവസ്ഥ കാലത്തെപ്പറ്റിയും മന്‍ കി ബാതില്‍ പരാമര്‍ശം ഉണ്ടായി. അടിയന്തരാവസ്ഥ കാലത്ത് അവകാശങ്ങള്‍ ലംഘിക്കപ്പെട്ടു. ജനാധിപത്യമാണ് നമ്മുടെ പാരമ്പര്യമെന്നും ജനാധിപത്യമാണ് രാജ്യത്തിന്റെ ശക്തിയെന്നും അദ്ദേഹം പറഞ്ഞു.
ഇത്തവണത്തെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 78 വനിതകള്‍ ലോക്‌സഭയില്‍ എത്തിയത് അഭിമാനകരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Other News