സാമ്പത്തിക പ്രതിസന്ധി:മാരുതി കൂട്ട പിരിച്ചുവിടലിന്;പുറത്താകുന്നത്  3000 തൊഴിലാളികൾ 


AUGUST 28, 2019, 2:26 AM IST

ന്യൂഡല്‍ഹി:സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ 3000 താല്‍ക്കാലിക തൊഴിലാളികളെ പിരിച്ചുവിടാന്‍ വാഹന നിര്‍മാതാക്കളായ മാരുതി. കമ്പനിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ മാരുതി സുസൂക്കി ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സുരക്ഷാ മാനദണ്ഡങ്ങളും ഉയര്‍ന്ന നികുതിയും ഗണ്യമായി വര്‍ധിച്ചത് കാറിന്റെ വിലയെ കാര്യമായി ബാധിച്ചു. ഇത് കമ്പനിക്ക്  താങ്ങാനാവുന്നതല്ലെന്ന് ഷെയര്‍ഹോള്‍ഡര്‍മാരുടെ യോഗത്തില്‍ ഭാര്‍ഗവ വ്യക്തമാക്കി.

ഇതിനാല്‍ 3000 താല്‍ക്കാലിക തൊഴിലാളികളുടെ കരാര്‍ പുതുക്കേണ്ടതില്ലെന്നാണ് കമ്പനി തീരുമാനം.  ഈ വര്‍ഷം 50 ശതമാനം സി എന്‍ ജി വാഹനങ്ങളാണ് പുറത്തിറക്കാന്‍ മാരുതി ഒരുങ്ങുന്നതെന്നും ഭാര്‍ഗവ പറഞ്ഞു.

നേരത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് മറ്റ് വാഹനനിര്‍മ്മാതാക്കളും തൊഴിലാളികളെ പിരിച്ചുവിടുന്നതടക്കമുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു. അശോക് ലെയ്‌ലാന്റ്, ടി വി എസ്, ഹീറോ,  ടാറ്റാ മോട്ടോഴ്‌സ്  തുടങ്ങിയ വന്‍കിട കമ്പനികള്‍ തെരഞ്ഞെടുത്ത നിര്‍മ്മാണ യൂണിറ്റുകള്‍ താല്‍ക്കാലികമായി അടച്ചിരുന്നു.തുടര്‍ച്ചയായ പത്ത് മാസങ്ങളിലെ വാഹന വില്‍പന ക്രമാനുഗതമായി കുറയുന്ന സാഹചര്യത്തിലാണ് നടപടി.

രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് വാഹന വില്‍പ്പനയില്‍ സമീപ വര്‍ഷങ്ങളില്‍ വന്‍ ഇടിവാണ് ഉണ്ടാവുന്നത്. ഇതോടെ ഉല്‍പാദനം കുറയ്ക്കാനാണ് കമ്പനികളുടെ തീരുമാനം. ഹീറോ കമ്പനിയുടെ നിര്‍മ്മാണ യൂണിറ്റുകള്‍ ദിവസങ്ങളായി അടച്ചിട്ടിരിക്കുകയാണ്. ടാറ്റയുടെ ജംഷഡ്‌പൂരിലെ പ്ലാന്റ് അടച്ചിട്ടിരിക്കുകയാണ്. ഈ മാസംതന്നെ മൂന്നാം തവണയാണ് ടാറ്റയുടെ പ്ലാന്റുകള്‍ രണ്ടുദിവസം വീതം അടച്ചിടുന്നത്.

Other News