വീട്ടു തടങ്കലിലായിരുന്ന മെഹബൂബയെയും ഒമര്‍ അബ്ദുല്ലയെയും അറസ്റ്റ് ചെയ്തു


AUGUST 6, 2019, 11:24 AM IST

ന്യൂഡല്‍ഹി: ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു പിന്നാലെ കശ്മീരിലെ മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുല്ല, മെഹ്ബൂബ മുഫ്തി എന്നിവരെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തു.

ഞായറാഴ്ച രാത്രി മുതല്‍ വീട്ടുതടങ്കലിലായിരുന്നു ഇവര്‍. മെഹബൂബ മുഫ്തിയെ ശ്രീനഗറിലെ അവരുടെ വീട്ടില്‍ നിന്ന് സമീപമുള്ള സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലേക്കു മാറ്റിയതായാണ് വിവരം.ജമ്മുകശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫറന്‍സ് ചെയര്‍മാന്‍ സജ്ജദ് ലോണ്‍, ഇമ്രാന്‍ അന്‍സാരി എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

കൂടുതല്‍ അറസ്റ്റുണ്ടെന്നു വ്യക്തമാക്കിയ അധികൃതര്‍ എന്നാല്‍ മറ്റുള്ളവരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ തയാറായില്ല.ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയ പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ശ്രീനഗറിലെ എക്സിക്യൂട്ടിവ് മജിസ്ട്രേറ്റാണ് ഇവരെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടത്. കശ്മീരില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത നിലനില്‍ക്കുന്നുവെന്നും ക്രമസമാധാന നിലയെ കുറിച്ചുള്ള ആശങ്ക കണക്കിലെടുത്താണ് അറസ്റ്റെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ഒമര്‍ അബ്ദുല്ലയും മെഹ്ബൂബ മുഫ്തിയും കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

Other News