വസ്ത്രമഴിച്ച് ആര്‍ത്തവ പരിശോധന: മൂന്നു വനിതാ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍


FEBRUARY 16, 2020, 11:18 PM IST

ഭുജ്: ഗുജറാത്തില്‍ ഭുജിലെ ശ്രീ സഹജാനന്ദ് ഗേള്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിച്ച് ആര്‍ത്തവ പരിശോധന നടത്തിയ സംഭവത്തില്‍ മൂന്നു വനിതാ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. ദേശീയ വനിതാ കമ്മീഷന്റേതാണ് നടപടി. സംഭവം അന്വേഷിക്കാന്‍ ഗുജറാത്ത് പൊലീസ് പ്രത്യേ അന്വേഷണ സംഘത്തെ രൂപീകരിച്ചു. 

കോളജിലും ഹോസ്റ്റലിലും ആര്‍ത്തവ വിലക്കുള്ള കാര്യം വിദ്യാര്‍ഥിനികള്‍ക്കു അറിയാമെന്നും അവരുടെ സമ്മതം വാങ്ങിയിരുന്നുവെന്നുമാണ് അധികൃതരുടെ വിശദീകരണം. ആര്‍ത്തവ സമയത്ത് ക്യാന്റീനില്‍നിന്ന് ഭക്ഷണം കഴിക്കുന്നതിനും കിടക്കയില്‍ കിടന്നുറങ്ങുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രവേശന സമയത്ത് പെണ്‍കുട്ടികളില്‍നിന്ന് ഇതിനുള്ള സമ്മതവും വാങ്ങുകയാണ് പതിവ്. എന്നാല്‍ വസ്ത്രം അഴിപ്പിച്ച് പരസ്യമായി ആര്‍ത്തവ പരിശോധന നടത്തിയതിനാണ് പെണ്‍കുട്ടികളുടെ പരാതിയെന്ന് വനിതാ കമ്മീഷന്‍ പറഞ്ഞു. 

കോളജ് വളപ്പിനുള്ളില്‍ ഉപയോഗിച്ച സാനിറ്ററി പാഡ് കണ്ടെത്തിയെന്ന ഹോസ്റ്റല്‍ അധികാരിയുടെ പരാതിയെത്തുടര്‍ന്നായിരുന്നു അധികൃതരുടെ നടപടി. ആര്‍ത്തവകാലത്ത് ഹോസ്റ്റലില്‍നിന്നും പെണ്‍കുട്ടികള്‍ പുറത്തുവരാന്‍ പാടില്ലെന്നാണ് കോളജിലെ നിയമം. ഇതോടെ പെണ്‍കുട്ടികളില്‍ ആര്‍ക്കൊക്കെയാണ് ആര്‍ത്തവമെന്നു കണ്ടുപിടിക്കാന്‍ വസ്ത്രമഴിച്ചു പരിശോധിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ബിരുദ വിദ്യാര്‍ഥിനികളായ 68 പേരെയും ഹോസ്റ്റല്‍ ശുചിമുറിയിലെത്തിച്ചശേഷം ഓരോരുത്തരായി വസ്ത്രങ്ങള്‍ നീക്കുവാന്‍ ആവശ്യപ്പെടുകയായിരുന്നു. സംഭവത്തില്‍ കമ്മീഷന്‍ സ്വമേധയായാണ് കേസെടുത്തത്. ഇന്ത്യയില്‍ സ്ത്രീകള്‍ ആര്‍ത്തവത്തെ കുറിച്ചുള്ള തെറ്റായ ധാരണകള്‍ നീക്കാന്‍ പോരാടുമ്പോള്‍ തന്നെയാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നതെന്നും കമ്മീഷന്‍ ട്വിറ്റര്‍ പേജില്‍ കുറിച്ചിരുന്നു.

Other News