ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്തില്‍ വിജയകരമായി രാത്രി ലാന്‍ഡിംഗ് നടത്തി മിഗ് 29 കെ യുദ്ധവിമാനം. ഇതാദ്യമായാണ് രാത്രിയില്‍ വിക്രാന്തില്‍ മിഗ് 29 കെ ലാന്‍ഡ് ചെയ്യുന്നത്.
ഈ സുപ്രധാന നേട്ടം ആത്മനിര്‍ഭര്‍ ഭാരതിന് ഇന്ത്യന്‍ നേവി നല്‍കുന്ന ഊര്‍ജത്തിന്റ സൂചകമാണെന്നും നേവി വക്താവ് ട്വിറ്ററില്‍ കുറിച്ചു. രാത്രി ലാന്‍ഡിങ് വിജയകരമായി പൂര്‍ത്തിയാക്കിയ നേട്ടത്തില്‍ നാവിക സേനയെ അഭിനന്ദിക്കുന്നതായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അറിയിച്ചു.
വെല്ലുവിളി നിറഞ്ഞ രാത്രി ലാന്‍ഡിങ് ട്രെയല്‍ വിക്രാന്ത് ക്രൂവിന്റെയും നാവികസേന പൈലറ്റുകളുടെയും വൈദഗ്ധ്യവും പ്രൊഫഷണിലിസവും പ്രകടമാക്കുന്നതാണെന്നും നേവി വ്യക്തമാക്കി. ഐ.എന്‍.എസ് വിക്രാന്തിന്റെ യുദ്ധവിമാനശേഖരത്തിന്റെ ഭാഗമായ മിഗ് 29 കെ 65,000 അടിയോളം ഉയരത്തില്‍ പറക്കാന്‍ കഴിയുന്ന വിമാനമാണ്.
76 ശതമാനം ഇന്ത്യന്‍ നിര്‍മിത വസ്തുക്കളാണ് കപ്പലിന്റെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചിട്ടുള്ളത്. 30 യുദ്ധ വിമാനങ്ങളെയും പത്തോളം ഹെലിക്പ്റ്ററുകളെയും ഒരേ സമയം കപ്പലില്‍ ഉള്‍ക്കൊളാനാവും. 860 അടി നീളമാണ് ഐഎന്‍എസ് വിക്രാന്തിനുള്ളത്.