ഇന്ത്യയിലെ ഏഴ് സംസ്ഥാനങ്ങളില്‍ വിതരണം ചെയ്തത്  ഷാമ്പൂവും പെയ്ന്റുമുപയോഗിച്ച് നിര്‍മ്മിച്ച പാല്‍


JULY 20, 2019, 4:41 PM IST

ന്യൂഡല്‍ഹി: ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ളവര്‍ കടുത്ത ആശങ്കയിലാണ്. തങ്ങള്‍ ഇത്രയും കാലം പാലെന്ന പേരില്‍ കുടിച്ചത് ഷാമ്പോ അതോ പെയ്‌ന്റോ എന്നതാണ് അവരെ ആശങ്കപ്പെടുത്തുന്ന ചോദ്യം. മധ്യപ്രദേശിലെ ഒരു റെയ്ഡില്‍ കൃത്രിമപാല്‍ നിര്‍മ്മിക്കുന്ന മൂന്ന് യൂണിറ്റ് കണ്ടുകെട്ടിയതോടെയാണ് ഇത്.

 ഇവിടെ നിന്നും ആറ് സംസ്ഥാനങ്ങളിലേയ്ക്ക് പാല്‍ വിതരണം നടന്നിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് 57 പേരെ അറസ്റ്റ് ചെയ്തു. മധ്യപ്രദേശ്, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി, ഹരിയാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യാനായി 20 ടാങ്കര്‍ ലോറികളിലും 11 പിക്കപ്പ് വാനുകളിലുമായി നിറച്ച കൃത്രിമ പാലും ഇവിടെ നിന്ന് പിടികൂടി. ഷാംപുവിന്റെയും ശുദ്ധീകരിച്ച എണ്ണയുടെയും ഗ്ലൂക്കോസ് പൊടിയുടെയും ശേഖരവും 10,000  ലിറ്റര്‍ കൃത്രിമ  പാലും  500 കിലോ കൃത്രിമ വെണ്ണയും 200 കിലോ കൃത്രിമ  പനീറും റെയ്ഡില്‍ കണ്ടെടുത്തിട്ടുണ്ട്.

30 ശതമാനം യഥാര്‍ഥ പാലിനോടൊപ്പം ഷാംപു, വെള്ള പെയ്ന്റ്, ഗ്ലൂക്കോസ് പൗഡര്‍ എന്നിവ യോജിപ്പിച്ചാണ് കൃത്രിമ പാല്‍ നിര്‍മ്മിച്ചിരുന്നത്. ഇതേ ചേരുവ തന്നെയാണ് വെണ്ണയിലും പനീറിലും ഉപയോഗിച്ചിരുന്നത്. ഉത്തരേന്ത്യയിലെ പ്രധാന മാര്‍ക്കറ്റുകളിലെല്ലാം എത്തുന്ന ബ്രാന്‍ഡഡ് ഉത്പന്നങ്ങളാണ് ഇവ.

ഇത്തരത്തില്‍ ഒരു ലിറ്റര്‍ പാല്‍ ഉത്പാദിപ്പിക്കാന്‍  5 രൂപ മാത്രമാണ് ചിലവ് വരുന്നതെന്നും ഇവ മാര്‍ക്കറ്റില്‍ ലിറ്ററിന് 45 മുതല്‍ 50 രൂപ നിരക്കിലാണ് വിറ്റിരുന്നതെന്നും റെയ്ഡിന് നേതൃത്വം നല്‍കിയ എസ്.പി രാജേഷ് ബഡോറിയ പറഞ്ഞു.

ചീസിന് കിലോയ്ക്ക് 100 മുതല്‍ 150 രൂപ  നിരക്കിലും ആണ് മാര്‍ക്കറ്റില്‍ വില്‍ക്കുന്നത്. ഏകദേശം രണ്ട് ലക്ഷം ലിറ്റര്‍ പാലാണ് ഈ ഉത്പാദനകേന്ദ്രത്തില്‍ നിന്ന് ദിവസേന നിര്‍മിച്ചിരുന്നത്. ഫാക്ടറികള്‍ പോലീസ് അടച്ചുപൂട്ടി.

Other News